ഹരിദ്വാര്‍; ഹിന്ദുക്കളും അക്രമകാരികള്‍ ആകുമെന്ന് പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ്. ഹരിദ്വാര്‍ എസ്എസ്പിയ്ക്ക് പരാതി നല്‍കി. ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു എന്ന പരാമര്‍ശത്തിന് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി ആയിട്ടായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. ‘ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞ സിങ് പറയുന്നത്. നിരവധി രാജാക്കന്‍മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണെന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.നേരത്തെ യെച്ചൂരിയുടെ പരാമര്‍ശത്തിന് എതിരെ ശിവസേന, ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.