ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതി ഉപയോഗിച്ചിട്ടില്ലെന്ന വാദവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രധാനമന്ത്രി ജാതിരാഷ്ട്രീയം കളിച്ചിട്ടില്ല. എങ്ങനെയാണ് അദ്ദേഹത്തിന്റെ ജാതി പ്രസക്തമാകുന്നത്?വികസന രാഷ്ട്രീയം മാത്രമാണ് അദ്ദേഹം ചെയ്തത്. ദേശീയതയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ആളാണ് നരേന്ദ്ര മോഡിയെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
നേരത്തെ, മോഡി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം ജാതി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു. മോഡി പിന്നാക്കസമുദായത്തില്‍പ്പെട്ട ആളാണെന്നാണ് വാദിക്കുന്നതെന്നും എന്നാല്‍, ഗുജറാത്തില്‍ അധികാരത്തിലെത്തിയപ്പോള്‍, ഉയര്‍ന്ന സമുദായമായ തന്റെ ജാതി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും മായാവതി പറഞ്ഞിരുന്നു. അദ്ദേഹം വ്യാജ പിന്നാക്ക വിഭാഗക്കാരനാണ്. രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇതെന്നും മായാവതി ആരോപിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഏറ്റവും പിന്നാക്കമായ വിഭാഗത്തില്‍ ജനിച്ചു വീണവനാണു താന്‍ എന്നായിരുന്നു മായാവതിക്കു മോഡിയുടെ മറുപടി. ദയവു ചെയ്ത് എന്നെ ജാതി രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുത്. രാജ്യത്തെ 130 കോടി ജനങ്ങളാണ് എന്റെ കുടുംബമെന്നും മോഡി പറഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസ് ഒരിക്കലും പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മോഡിയുടെ ജാതിയെന്താണെന്നു തനിക്ക് അറിയില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞു.
Discussion about this post