ന്യൂഡല്‍ഹി: ബിജെപിക്കുള്ളിലെ അവഗണനയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് ദളിത് നേതാവ് ഉദിത് രാജ്. അവഗണന തുടര്‍ന്നാല്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയില്‍ സ്വാധീനമുള്ള ശക്തനായ ദളിത് നേതാവാണ് ഉദിത് രാജ്. തന്നെ പാര്‍ട്ടിവിടാന്‍ നിര്‍ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള സിറ്റിങ് എംപിയായ ഉദിത് രാജിന് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാണ് പരസ്യമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നത്.
‘ടിക്കറ്റ് ലഭിക്കുമോ എന്നു കാത്തിരിക്കുകയാണ്, ഇല്ലെങ്കില്‍ ഞാന്‍ ബിജെപിയോട് വിടപറയും. എനിക്ക് ഇത്തവണയും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ ഇക്കുറിയും ഞാന്‍ നാമനിര്‍ദേശപത്രിക നല്‍കുമെന്നുമാണ് കരുതുന്നത്. ബിജെപി പ്രവര്‍ത്തകര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കും എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്’- അദ്ദേഹം ട്വീറ്റ്ചെയ്തു.
അതേസമയം, ബിജെപി പ്രഖ്യാപിച്ച ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ചിടത്ത് സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെങ്കിലും, ഉദിത് രാജിന്റെ മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണ്. ഇവിടെ അദ്ദേഹത്തിനു പകരം പുതുമുഖം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ഇതിനിടെയാണ് നേതാവിന്റെ മുന്നറിയിപ്പ്.
I am waiting for ticket if not given to me I will do good bye to party
— Dr. Udit Raj, MP (@Dr_Uditraj) April 23, 2019