ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ത്രികോണ മല്‍സര പ്രതീതി നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ അവസാന നിമിഷങ്ങളില്‍ മത്സര ചിത്രം മാറിമറിയുകയാണ്. പ്രചാരണത്തില്‍ ആദ്യഘട്ടം മുതല്‍ തന്നെ മുന്നിട്ടു നില്‍ക്കുന്ന ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജും, ശബരിമല വിഷയം മാത്രം ഉന്നയിച്ച് വോട്ട് നേടാന്‍ ലക്ഷ്യമിട്ടിട്ടുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും തമ്മിലുള്ള മത്സരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ പത്തനംതിട്ടയിലേത്.
പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് വിജയസാധ്യതയുള്ളതായി ബിഗ് ലൈവ് ടി വി തെരഞ്ഞെടുപ്പ് സര്‍വേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം മറ്റ് സര്‍വേകളും വീണ ജോര്‍ജിന്റെ വിജയം പ്രവചിച്ചിട്ടുണ്ട്. പക്ഷേ രണ്ടാം സ്ഥാനത്താര് എന്നതാണ് അവസാന നിമിഷം ഉയരുന്ന ചോദ്യം. ബിഗ് ലൈവ് ടിവി സര്‍വേയിലടക്കം രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ് പ്രവചിച്ചിട്ടുള്ളത്. പക്ഷേ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ കൈവിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി തെരഞ്ഞെടുപ്പ് അടുത്തെത്തിയ നിമിഷങ്ങളില്‍ ചിത്രത്തിലെങ്ങും ഇല്ലാത്ത അവസ്ഥയിലാണ്.
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതോടെ പഴകുളം മധു അടക്കമുള്ള പത്തനംതിട്ടയിലെ ഐ ഗ്രൂപ്പ് നേതാക്കളെല്ലാം ആന്റോ ആന്റണിയെ ഒഴിവാക്കി സ്ഥലം വിട്ടു. കൂടാതെ പത്തനംതിട്ടക്കാരനായ അടൂര്‍ പ്രകാശ് മല്‍സരിക്കുന്ന ആറ്റിങ്ങലേക്കും ഒരു പറ്റം നേതാക്കള്‍ പോയി. ആന്റോ ആന്റണിയുടെ തോല്‍വി നേരത്തെ തന്നെ ഉറപ്പിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കും അടൂര്‍ പ്രകാശിനും വേണ്ടി നേതാക്കള്‍ കൂട്ടത്തോടെ സ്ഥലം കാലിയാക്കിയത് എന്നാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുള്ള വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ സഹായിച്ചിരുന്ന ന്യൂനപക്ഷവോട്ടുകള്‍ ഏറെയുള്ള കോന്നിയും പൂഞ്ഞാറും ഇത്തവണ വീണാ ജോര്‍ജിന് ഒപ്പമാണെന്നുള്ളത് യുഡിഎഫ് പരാജയമുറപ്പിക്കാനുള്ള ഒരു കാരണമാണ്.
എല്ലായിടത്തും ശബരിമല വോട്ടാക്കാനുള്ള തന്ത്രം മാത്രം നിറഞ്ഞുനില്‍ക്കുന്ന തരത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണം മുഴുവന്‍. അതുകൊണ്ടു തന്നെ ഹൈന്ദവ വര്‍ഗീയത മാത്രം ഉയര്‍ത്തുന്ന ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ ഉള്ള കോന്നിയും പൂഞ്ഞാറും ഇത്തവണ വീണാജോര്‍ജിന് ഒപ്പമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കൂടാതെ മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളള്‍ ഏതാണ്ട് പകുതി വീതം വീണാ ജോര്‍ജിനും ആന്റോ ആന്റണിക്കുമായി വീതം വെച്ച് പോകുമെന്നാണ് കണക്കുകള്‍. ഓര്‍ത്തഡോക്സ് സഭയുടെ വോട്ടുകള്‍ ആയിരുന്നു നേരത്തെ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ കരുത്ത്. എന്നാല്‍ വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന് സഭയില്‍ ഉള്ള സ്വീകാര്യതയും വീണയോട് സഭയ്ക്ക് പ്രത്യേക എതിര്‍പ്പുകള്‍ ഒന്നും ഇല്ലാത്തതും ഇത്തവണ ഇടത് മുന്നണിക്ക് തുണയാകും.
കൈപ്പത്തി ചിഹ്നത്തില്‍ ആരുനിന്നാലും പിടിക്കാന്‍ കഴിയുന്ന 2 ലക്ഷത്തോളം വോട്ടുകള്‍ അല്ലാതെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ആന്റോ ആന്റണിക്ക് ഒരു വോട്ടു പോലും പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സിറ്റിങ്ങ് എംപിയായിരുന്ന ആന്റോ ആന്റണിയെ മണ്ഡലത്തെ തിരിഞ്ഞു നോക്കാത്ത എംപി എന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കോണ്‍ഗ്രസുകാര്‍ തന്നെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെ ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ തന്നെ ഒരു വിഭാഗത്തിന് ബിജെപിയോട് ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്. പിഎസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഒരുവിഭാഗം ബിജെപി നേതാക്കളും അണികളും ആഗ്രഹിച്ചിരുന്നത്. എന്‍എസ്എസും പത്തനംതിട്ടയിലേക്ക് ശ്രീധരന്‍പിള്ളയുടെ പേരായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ ശബരിമലയിലെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ സുരേന്ദ്രന്‍ അവിടെ വിമത സ്ഥാനാര്‍ത്ഥിയാകും എന്ന അവസ്ഥയെത്തിയപ്പോഴാണ് ശ്രീധരന്‍പിള്ളയുടെ മോഹം തകര്‍ന്നത്. എന്‍ എസ് എസ് ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥിയല്ലാത്തിനാല്‍ ഇവിടുത്തെ എന്‍ എസ് എസുകാരില്‍ ചിലര്‍ക്ക് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ശക്തമായ എതിര്‍പ്പുണ്ട്. ഈഴവ സമുദായത്തിനിടയില്‍ സുരേന്ദ്രന് സ്വീകാര്യതയുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി പയറ്റി നോക്കിയെങ്കിലും അതും വേണ്ടത്ര ഫലപ്രദമായില്ല. എസ്എന്‍ഡിപി യോഗത്തിന്റെ പലയൂണിറ്റ് ഭാരവാഹികളും സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളുടെ നേതാക്കളും ഭാരവാഹികളും കുടുംബാംഗങ്ങളും ആണ് എന്നുള്ളത് കൊണ്ട് തന്നെ ബിജെപി പ്രതീക്ഷിച്ച വലിയ ഒരു വോട്ട് വിഹിതം അവിടെ നിന്നും ബിജെപിക്ക് ലഭിക്കില്ല എന്ന് തിരിച്ചറിവ് സുരേന്ദ്രനും കൂട്ടര്‍ക്കും ഉണ്ട്.
അതിനാല്‍ തന്നെ നായര്‍ വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി നീക്കം. പക്ഷേ നേരത്തെ പറഞ്ഞ ഘടകങ്ങള്‍ കൊണ്ട് നായര്‍വോട്ട് ബാങ്കും പരിപൂര്‍ണ്ണമായും ബിജെപി ക്ക് ഒപ്പം നില്‍ക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. പരസ്യമായി തന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടി സുകുമാരന്‍ നായര്‍ ബിജെപി ഒറ്റുകൊടുക്കുകയായിരുന്നു എന്ന് പറഞ്ഞ് രംഗത്ത് വന്നത് തന്നെ നായര്‍ വോട്ട് ലഭിക്കില്ല എന്നാണ്് വ്യക്തമാക്കുന്നത്. പ്രസംഗത്തിലും താടിയടക്കമുള്ള വേഷത്തിലും ശബരിമല മാത്രം മുന്‍നിര്‍ത്തിയുള്ള സുരേന്ദ്രന്റെ പ്രചാരണവും തിരിച്ചടിയാകുന്നുണ്ട്.
ശബരിമല വിഷയത്തില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഴിച്ചുവിട്ട അടിക്കടിയുള്ള ഹര്‍ത്താലുകളും കൊടിയ അക്രമളും പത്തനംതിട്ടയിലെ ജനങ്ങളില്‍ വലിയ ഒരു വിഭാഗത്തിന് നേരത്തെ തന്നെ സംഘപരിവാറിനോട് എതിര്‍പ്പുണ്ടാക്കിരുന്നു. അതിന് പുറമെ ശബരിമലമാത്രം പറഞ്ഞ് ശബരിമലയെ വിറ്റ് വോട്ടാക്കാനുള്ള നീക്കം നടത്തുന്നു എന്ന വികാരം ഇപ്പോള്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തിന്് ഇടയിലും ശക്തമായ എതിര്‍പ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. വനിതാ മതിലില്‍ സഹകരിച്ചത് കൊണ്ട് എസ് എന്‍ ഡി പി യിടെയും പുലയ മഹാസഭയുടെയും വോട്ടുകള്‍ വേണ്ടെന്ന ആര്‍എസ്എസിന്റെ ഒടുവിലത്തെ പ്രഖ്യാപനവും ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രന് തലവേദനയാണ്.
ഈ ഘടകങ്ങളെല്ലാം വീണാ ജോര്‍ജിന് ഗുണം ചെയ്യുമെന്ന പ്രതീതി വന്നതോടെ യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷവോട്ടുകള്‍ കൂടി ബിജെപി പരാജയം ഉറപ്പിക്കാനായി എല്‍ഡിഎഫിലേക്ക് വരുമെന്ന സ്ഥിതിയുണ്ട്. ഇതോടെ കളത്തില്‍ ഒന്നുമല്ലാതെ യുഡിഎഫ് മാറിയതോടെ മല്‍സരം ഇടതുമുന്നണിയും ബിജെപിയും തമ്മിലായി മാറിയിരിക്കുകയാണ്. രഹനാ ഫാത്തിമയെ വീണാ ജോര്‍ജ് ആണ് ഒളിച്ചു താമസിപ്പിച്ചത് എന്ന പിസി ജോര്‍ജിന്റെ ആരോപണം അടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ വാട്സ് ആപ്പ് വഴി ബിജെപി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും പിസി ജോര്‍ജ് എന്‍ ഡി എ യുടെ ഭാഗമായതോടെ ആ പ്രചാരണത്തിന് മൂര്‍ച്ചയില്ലാതായി.
പൊതുവില്‍ അമ്പലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചെറിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് വീഡിയോകളും പ്രചാരണ വാര്‍ത്തകളും ബ്രോഡ് കാസ്റ്റ് ചെയ്യുന്ന രീതിയാണ് ബിജെപി കേന്ദ്രീകരിച്ചിരിക്കുന്നത്. ബിജെപിയിലെ പടല പിണക്കങ്ങള്‍ രൂക്ഷമാണെങ്കിലും പ്രചാരണത്തില്‍ ബിജെപി ഒട്ടും പിന്നിലല്ല. കേരളത്തിലെ പല ഭാഗത്തു നിന്നുമുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം ആയ ശബരിമല നില നില്‍ക്കുന്ന മണ്ഡലം ഇത്രയെല്ലാം പ്രചാരണ കോലാഹലം ഉണ്ടാക്കിയിട്ടും ജയമോ നല്ല ഒരു ശതമാനം വോട്ടോ നേടാന്‍ ആയില്ലെങ്കില്‍ ഇനി കേരളത്തില്‍ വലിയ പ്രതീക്ഷക്ക് വകയുണ്ടാവില്ല എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും മണ്ഡലത്തില്‍ രണ്ടാം സ്ഥാനം എങ്കിലും നേടാന്‍ ആണ് ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നത്. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോഴാണ് വീണ ജോര്‍ജിന് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിട്ടുള്ള മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന പ്രതീതി നിലനില്‍ക്കുന്നത്.