വഡോദര: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ട്രോളി രംഗത്തെത്തി. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവെന്നും ആരാണ് യഥാര്‍ത്ഥ ഫേക്കു എന്നുമാണ് സിന്‍ഹയുടെ ചോദ്യം. ഇന്ത്യയുടെ ഹൃദയഭാഗമായ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡും ബിജെപിയില്‍ നിന്നും പിടിച്ചെടുത്ത കോണ്‍ഗ്രസിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു സിന്‍ഹയുടെ പ്രസ്താവന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ബിജെപി യഥാര്‍ത്ഥ പപ്പുവായി മാറിയത് കണ്ടല്ലോവെന്നും സിന്‍ഹ പരിഹസിക്കുന്നു.
വ്യാജ വാഗ്ദാനങ്ങള്‍ നല്കി വീണ്ടും ജനങ്ങളെ പറ്റിക്കുകയാണ് മോഡി. 2022-ലും 2024-ലും 2029-ലും പ്രധാനമന്ത്രിയായില്ലെങ്കില്‍ കൂടി അദ്ദേഹം അത് തന്നെ തുടരുമെന്നും സിന്‍ഹ പറഞ്ഞു. ചലനാത്മകമായ, ശക്തമായ ഒരു പാര്‍ട്ടിയാണ് രാഹുലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്. മറ്റ് പാര്‍ട്ടികള്‍ ക്ഷണിച്ചിട്ടും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത് അത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും നേതാജി സുഭാഷ് ചന്ദ്രബോസും എല്ലാം ചേര്‍ന്ന് കെട്ടിപ്പടുത്ത പാര്ട്ടിയായതുകൊണ്ടാണെന്നും സിന്‍ഹ പറഞ്ഞു.
നോട്ട് നിരോധനവും ജിഎസ്ടിയും ലക്ഷക്കണക്കിന് പേരെ തൊഴില്‍ രഹിതരാക്കിയെന്നും ചെറുകിട വ്യവസായങ്ങളും പല സംരംഭങ്ങളും തകര്‍ന്ന് തരിപ്പണമായെന്നും ഉത്പാദനം 50 ശതമാനത്തിലേറെ പല മേഖലകളിലും ഇടിഞ്ഞെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിന്‍ഹ ചൂണ്ടിക്കാട്ടി.
Discussion about this post