തിരുവനന്തപുരം: കണ്ണൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയത്തിനു പകരം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വോട്ട് ചോദിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുധാകരന് സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും നിറഞ്ഞ പരസ്യചിത്രം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
ഈ പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീ സമൂഹത്തെ ആകെ അവഹേളിക്കുന്നതാണെന്നും ഷൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത് കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പികെ ശ്രീമതി ടീച്ചറെ ലക്ഷ്യമാക്കിയുള്ളതാണ് എന്ന് വ്യക്തമാകുന്നുണ്ടെന്നും ആത്മാര്‍ത്ഥമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് ഇത്ര മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ കേരളത്തിന്റെ ഉന്നതമായ സാമൂഹ്യ, ജനാധിപത്യ ബോധം ഉള്‍ക്കൊള്ളുന്നില്ലെന്നും ടീച്ചര്‍ കുറ്റപ്പെടുത്തി.
ചൊവ്വയിലേക്ക് പോലും സ്ത്രീകള്‍ എത്തിച്ചേരാന്‍ തയ്യാറെടുക്കുന്ന സമയത്ത് സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കേസ് എടുക്കണമെന്നും ഷൈലജ ടീച്ചര്‍ ആവശ്യപ്പെടുന്നു.
ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പുറത്തിറക്കിയ പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീസമൂഹത്തെ ആകെ അവഹേളിക്കുന്നതും ആണ്. ചൊവ്വയിലേക്ക് പോലും സ്ത്രീകള്‍ എത്തിച്ചേരാന്‍ തയ്യാറെടുക്കുന്ന കാലമാണിത്. ഈ സമയത്താണ് സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്ന് ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരസ്യ ചിത്രത്തില്‍ പറയുന്നത്. ഈ സ്ത്രീവിരുദ്ധ പരസ്യം കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യമാക്കിയുള്ളതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയും, മന്ത്രിയായും, എംപി ആയും വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മാര്‍ത്ഥമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് ഇത്ര മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ കേരളത്തിന്റെ ഉന്നതമായ സാമൂഹ്യ, ജനാധിപത്യ ബോധം ഉള്‍ക്കൊള്ളുന്നില്ല. എതിര് സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കേസ് എടുക്കണം. കുടുംബത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനോടൊപ്പം സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടി ചുമലിലേറ്റുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നു വരണം.സ്ത്രീയായതിലും, അമ്മയായതിലും, ടീച്ചര്‍ ആയതിലും അഭിമാനം.
Discussion about this post