ബംഗളൂരു: തമിഴ്‌നാടിന് പുറമെ കര്‍ണാടകയിലും അയ്യപ്പന്റെ പേരു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വോട്ട് പിടുത്തം. കേരളത്തിനൊപ്പം തന്നെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും അയ്യപ്പ ഭക്തരുള്ളതിനാല്‍ കേരളത്തിലിറക്കാന്‍ സാധിക്കാത്ത വിത്ത് അതിര്‍ത്തി കടന്നപ്പോള്‍ വിതയ്ക്കാന്‍ നോക്കുകയാണ് മോഡിയെന്ന് ഇതോടെ വിമര്‍ശനവും ഉയര്‍ന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെപി പ്രകാശ് ബാബുവിന്റെ പേരും കര്‍ണാടകയിലെ പ്രസംഗത്തിനിടെ മോഡി എടുത്തുപയോഗിച്ചു. പ്രകാശ് ബാബുവിനെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞിട്ടാണെന്ന് മോഡി പ്രസംഗത്തിനിടെ ആരോപിച്ചു. അയ്യപ്പ ദര്‍ശനത്തിനെത്തിയ സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീണ്ട നാളുകള്‍ക്ക് ശേഷം ജാമ്യം ലഭിച്ച സ്ഥാനാര്‍ത്ഥിയെ കുറിച്ചാണ് മോഡി വസ്തുതകളെ വളച്ചൊടിച്ച് പ്രസംഗിച്ചത്. ഇതോടെ വിവാദവും കത്തുകയാണ്.
‘ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലിലടക്കും. ഞാന്‍ ഇന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജയിലില്‍ ആയിരുന്നു. ശബരിമല വിഷയം മിണ്ടിയതിനായിരുന്നു നടപടി. അദ്ദേഹം ഇന്നലെയാണ് പുറത്തിറങ്ങിയത്. വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത്. ഇത് ബിജെപി അനുവദിക്കില്ല’- റാലിയില്‍ മോഡിയുടെ വാക്കുകള്‍ ഇങ്ങനെ.
ഏപ്രില്‍ 12ന് കോഴിക്കോട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് മോഡി എത്തിയിരുന്നു. യോഗത്തില്‍ ശബരിമലയുടെ പേരെടുത്തു പറയാതിരുന്ന മോഡി എന്നാല്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലും കര്‍ണാടകയിലും എത്തിയതോടെ കളം മാറ്റി ചവിട്ടി. യോഗങ്ങളില്‍ ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയും കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിനി ലളിത എന്ന സ്ത്രീയെ ശബരിമലയില്‍ വെച്ച് ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവും അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും അറസ്റ്റിലായത്. ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമ സംഭവങ്ങളിലൊരെണ്ണം മാത്രമായിരുന്നു ഇത്. മാര്‍ച്ച് 28നാണ് പ്രകാശ് ബാബു ജയിലിലാകുന്നത്. അതേസമയം, പ്രകാശ് ബാബുവിന് കഴിഞ്ഞദിവസം ഹെക്കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടുലക്ഷം രൂപയും രണ്ടാളുടെ ജാമ്യത്തിലും മൂന്നുമാസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലുമാണ് ജാമ്യം അനുവദിച്ചത്. ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.
Discussion about this post