ന്യൂഡല്‍ഹി: മിഷന് ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചതിനു പിന്നാലെ വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളുമായി നേരിട്ട് സംസാരിക്കാനായി മോഡി വീഡിയോ കോണ്‍ഫറന്‍സാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി രാജ്യത്തൊട്ടാകെ 500ഓളം ബൂത്തുകള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. ‘മേം ഭീ ചൗക്കീദാര്‍’ ക്യാംപെയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ ജനങ്ങളോട് മോഡി സംവദിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ക്യാംപെയിനിന് പ്രചാരണം നല്‍കുകയെന്നതാണ് മോഡിയുടെ ലക്ഷ്യം. താല്ക്കടോറ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് മോഡി രാജ്യത്തോട് സംവദിക്കുന്ന പരിപാടി അരങ്ങേറുക.
ട്വിറ്ററിലൂടെ മോഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘നമ്മള് കാത്തിരുന്ന ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മേം ഭീ ചൗക്കീദാര്‍ പരിപാടിയില്‍ രാജ്യത്തിന്റെ നാനാഭാഗത്തുള്ള ലക്ഷക്കണക്കിന് ചൗക്കീദാറുമാര് പങ്കെടുത്ത് സംവദിക്കും’. മോഡി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
മേം ഭീ ചൗക്കീദാര്‍(ഞാനും കാവല്ക്കാരന്) എന്ന ക്യാംപെയിന് മാര്‍ച്ച് 16നാണ് മോഡി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടില്‍ നരേന്ദ്ര മോഡി എന്ന പേരിനു മുന്നില്‍ ചൗക്കീദാര്‍ എന്നു എഴുതിച്ചേര്‍ക്കുകയും ചെയ്തുന്നു. ഇതിനെ പിന്‍പറ്റി നിരവധി ബിജെപി നേതാക്കളും അണികളും ചൗക്കീദാര്‍ എന്ന പദം പേരിനൊപ്പം ചേര്‍ത്ത് ക്യാംപെയ്നിന്റെ ഭാഗമായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയയില്‍ വൈറലായ കാവല്ക്കാരന് കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹെ) എന്ന ക്യാംപെയിനിന് മറുപടിയായാണ് മോഡി മേം ഭീ ചൗക്കീദാറുമായി രംഗത്തെത്തിയത്.
Discussion about this post