ജയ്പുര്‍: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ദരിദ്രരായ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന ന്യായ് യോജനയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പോലുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടിയതിനു ശേഷമാണ് സ്കീം ന്യുന്തം ആയ് യോജന (NYAY)അഥവാ ന്യായ് പദ്ധതി ആവിഷ്കരിച്ചതെന്ന് രാഹുല്‍ രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ വ്യക്തമാക്കി.
6,000 രൂപ മാസത്തില്‍ ലഭിക്കും വിധം ഒരു വര്‍ഷം 72,000 രൂപ ഒരു കുടുംബത്തിന് ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ 20ശതമാനത്തോളെ വരുന്ന അതിദരിദ്രരെ ലക്ഷ്യം വെച്ചാണ് പദ്ധതി. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.
ഈ പദ്ധതി സൗജന്യ സമ്മാനമല്ലെന്നും ദരിദ്രര്‍ക്ക് നല്കുന്ന നീതിയാണെന്നും രാഹുല്‍ വ്യക്തമാക്കി. ഇതാണ് ദാരിദ്രത്തിനെതിരായ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കെന്നും ബിജെപി ദരിദ്രരെ നിര്‍മാജ്ജനം ചെയ്യന്‍ ശ്രമിക്കുമ്പോള്‍ ദാരിദ്രത്തെ നിര്‍മാജ്ജനം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറയുന്നു.
‘ആറ് മാസത്തോളമായി ന്യായ് പദ്ധതിക്കായി ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തുകയായിരുന്നു. പ്രമുഖരായ സാമ്പത്തിക വിദഗ്ധരെ കാണുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. രഘുറാം രാജന് ഉള്‍പ്പടെയുള്ള ലോകത്തെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരുടെ പട്ടിക തയ്യാറാക്കി ഇവരുമായി ചര്‍ച്ചകള്‍ നടത്തിയാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. രഹസ്യമായാണ് എല്ലാം ചെയ്തത്, കൊട്ടിഘോഷിക്കാന്‍ മിനക്കെട്ടില്ല’- ജയ്പുരില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
Discussion about this post