‘യെദ്യൂരപ്പ വെറും പിശുക്കന്‍; മോഡിക്കും അമിത് ഷായ്ക്കും കൂടി എന്തെങ്കിലും ചില്ലറ കൊടുക്കാമായിരുന്നു’! 1800 കോടി കോഴ ആരോപണത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ മുന്‍കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന അഴിമതിക്കഥ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും കൂടി എന്തേലും ചില്ലറ കൊടുക്കമായിരുന്നെന്നും യെദ്യൂരപ്പ വെറും പിശുക്കനെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിന്നാലെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ആവാന്‍ ജഡ്ജിമാര്‍ക്കും 250 കോടി കൊടുത്തു. കൊച്ചു ഗള്ളന്‍– എന്നൊരു പോസ്റ്റും കെ സുരേന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.

ഇംഗ്ലീഷ് മാഗസിനായ കാരവന്‍ ന്യൂസ് മാഗസിനാണ് യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകള്‍ സഹിതം 1800 കോടിയുടെ കോഴ ആരോപണം പുറത്തുവിട്ടത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. 1000 കോടി ബിജെപി പാര്‍ട്ടിക്ക് സംഭാവന നല്‍കിയതായും ഒപ്പിട്ട് തയ്യാറാക്കിയ ഡയറി താളുകളില്‍ വിശദീകരിക്കുന്നു.

നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും കാരവന്‍ മാഗസിന്‍ പുറത്തുവിട്ട തെളിവുകളില്‍ പറയുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെ ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കിയതായും ഡയറിയിലുണ്ട്. എന്നാല്‍ ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരുകള്‍ ഇവയിലില്ല. 2009ലേതാണ് ഈ ഡയറിക്കുറിപ്പുകള്‍. കന്നഡയില്‍ യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരത്തിലാണ് ഡയറിക്കുറിപ്പുകളെന്ന് കാരവന്‍ മാഗസിന്‍ ആരോപിക്കുന്നു.

Exit mobile version