ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സിറ്റിങ് എംപിയായ തനിക്ക് സീറ്റ് നല്‍കാതെ എംഎല്‍എ ഹൈബി ഈഡന് സീറ്റ് നല്കിയ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച കെവി തോമസിനെ അനുനയിപ്പിച്ചത് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകളിലൊന്നും വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന കെവി തോമസിനെ ഒടുവില്‍ വരുതിയിലാക്കിയത് സോണിയ ഗാന്ധിയുടെ വാഗ്ദാനങ്ങള്‍.
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കെവി സീറ്റ് നിഷേധിച്ചതില്‍ തനിക്ക് പരിഭവമില്ലെന്നും എന്നാല്‍ നേതൃത്വം അത് പറയാതിരുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ധരിപ്പിച്ചു. അതേസമയം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ എഐസിസി ജനറല്‍ സെക്രട്ടറി പദമോ നല്‍കാമെന്ന് സോണിയ വാഗ്ദാനം ചെയ്തതായാണ് സൂചന. രാഹുല്‍ ഗാന്ധിയെ കാണണമെന്നും സോണിയ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പദമാണ് സോണിയ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഏക സിറ്റിങ് എംപിയാണ് കെവി തോമസ്. മറ്റു രണ്ട് സിറ്റിങ് എംപിമാരായ കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും സ്വയം പിന്മാറുകയായിരുന്നു. പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ കെവിതോമസ് പരസ്യമായി അതൃപ്തി അറിയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.
Discussion about this post