കോട്ടയം: നീണ്ട കൂടിയാലോചനകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും പിന്നാലെ രാത്രിയോടെ കേരളാ കോണ്‍ഗ്രസ് ഏക സീറ്റായ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചത് പാര്‍ട്ടിയില്‍ കലാപക്കൊടിക്ക് കാരണമായി. സ്ഥാനാര്‍ത്ഥിത്വത്തിനായി കാത്തിരുന്ന തനിക്ക് ഈ തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെഎം മാണി മറുപടി നല്‍കിയത്.
ഒരു പകല്‍ മുഴുവന്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് വീണ്ടും മറ്റൊരു പിളര്‍പ്പിലേക്കെന്ന സൂചന നല്കി മാണിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത് രാത്രി ഒമ്പത് മണിക്കായിരുന്നു. സഹോദരന് ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനാര്‍ത്ഥിയായെത്തിയ തോമസ് ചാഴിക്കാടന് പാര്‍ലമെന്റിലേക്കുള്ള മത്സര രംഗത്തെത്തിയതും നാടകീയമായായിരുന്നു.
പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് പറഞ്ഞു.
അതേസമയം, രാത്രി ഏഴു മണിയോടെ തന്നെ തീരുമാനം കെഎം മാണി പ്രത്യേക ദൂതന് വഴി പിജെ ജോസഫിനെ അറിയിച്ചിരുന്നെന്നാണ് സൂചന. പിന്നീട് പിജെ ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. മാണിയുടെ തീരുമാനം സ്വീകാര്യമല്ലെന്നും കേട്ടുകേള്‍വിയില്ലാത്ത വിധം തന്നെ അവഗണിച്ചുവെന്നും പിജെ ജോസഫ് പ്രതികരിച്ചു. ജില്ല മാറി മത്സരിക്കുന്നത് സാധാരണമായൊരു കാര്യമാണെന്നും ഇതിന് മുമ്പും അത്തരം നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. അതിനാല്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കെഎം മാണി വിശദീകരിച്ചു. സീറ്റ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നാലും പിജെ ജോസഫ് യുഡിഎഫില്‍ തുടരുമെന്നാണ് സൂചന.
Discussion about this post