പൊന്നാനി: മുസ്ലിം ലീഗിനെതിരെ മുന്‍ കോണ്‍ഗ്രസുകാരനായ പി വി അന്‍വറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുമ്പോള്‍ ഇടതു മുന്നണിയുടെയും സി പി എമ്മിന്റെയും മനസ്സിലുള്ളത് വോട്ട് കണക്കിന്റെ കളികള്‍ തന്നെയാണ്. 1977 മുതല്‍ മുസ്ലിം ലീഗ് മാത്രം ജയിച്ചിട്ടുള്ള പൊന്നാനി മണ്ഡലത്തില്‍ പക്ഷേ ലീഗിന്റെ ഭൂരിപക്ഷം ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. കേരളമാകെ ഇടതുമുന്നണിക്കൊപ്പം നിന്ന 2004ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷമാണ് പൊന്നാനി മുസ്ലീം ലീഗിനു നല്‍കിയത്. 2009ല്‍ അത് 82,684 വോട്ടായി കുറഞ്ഞു. 2014ല്‍ ഇ ടി മുഹമ്മദി ബഷീര്‍ തന്നെ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 25,410 വോട്ടായി കുറഞ്ഞു. അപ്പോഴേക്കും മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഫലമായി തൃത്താല നിയമസഭാ മണ്ഡലം പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ പൊന്നാനി ലോക്‌സഭാ മണ്ഡല പരിധിയില്‍ ലീഗിന്റെ ഭൂരിപക്ഷം 1404 വോട്ട് മാത്രമായി കുറഞ്ഞതു കാണാം.
2014ല്‍ ഇ ടി മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം നേടാനാവാത്ത തൃത്താലയില്‍ വി ടി ബല്‍റാം പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോഴാണ് ലോക്‌സഭാ മണ്ഡല പരിധിയിലെ യു ഡി എഫ് ഭൂരിപക്ഷത്തില്‍ ഈ കനത്ത ഇടിവ്. താനൂരില്‍ വി അബ്ദുറഹിമാനും തവനൂരില്‍ കെ ടി ജലീലും നേടിയ വിജയങ്ങളാണ് യു ഡി എഫിനും ലീഗിനും പൊന്നാനിയില്‍ തിരിച്ചടിയായത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും പൊതു സ്വതന്തരരെയാണ് അന്ന് ഇടതുമുന്നണി പരീക്ഷിച്ചത്. ഈ തന്ത്രത്തിന്റെ വിജയം തന്നെയാണ് പി വി അന്‍വറിനെ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ ഇടതുമുന്നണിക്ക് പ്രതീക്ഷയേകുന്നത്.
താനൂരില്‍ വി അബ്ദുറഹിമാനും തവനൂരില്‍ കെ ടി ജലീലും പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും നേടിയ ലീഡ് പി വി അന്‍വര്‍ നിലനിര്‍ത്തുമെന്ന് ഇടതുമുന്നണി പോലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഈ മണി്ഡലങ്ങളില്‍ ലീഗ് നേടിയ വോട്ടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ അന്‍വറിന് കഴിഞ്ഞാല്‍ ചിത്രം മാറും. കാല്‍ നൂറ്റാണ്ടിനിടയില്‍ കഴിഞ്ഞ രണ്ടു നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ വി ടി ബല്‍റാം വിജയിച്ചതൊഴിച്ചാല്‍ പഞ്ചായത്തു മുതല്‍ ലോക്‌സഭ വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയ്ക്ക് ലീഡ് നല്‍കിയിട്ടുളള മണ്ഡലമാണ് തൃത്താല. അവിടെ ബല്‍റാം നേടിയ പതിനായിരം വോട്ടിന്റെ ലീഡ് മറി കടന്ന് ചെറിയ ലീഡെങ്കിലും പി വി അന്‍വര്‍ നേടിയാല്‍ പൊന്നാനി മണ്ഡലം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നതാവും ഫലം.
ഇതിനോടൊപ്പം നിലമ്പൂര്‍ നിയമസഭാ സീറ്റില്‍ കണ്ണുവെച്ചിട്ടുള്ള ആര്യാടന്‍ ഷൗക്കത്തിനോടൊപ്പമുള്ള കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ വോട്ടും പഴയ ഐ ഗ്രൂപ്പുകാരനായ അന്‍വറിന് സ്വന്തം നിലയ്ക്ക് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വോട്ടുകളും കൂടിയായാല്‍ പൊന്നാനി മണ്ഡലം പിടിക്കാനാവുമെന്ന് ഇടതുമുന്നണി കണക്കു കൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ പൊന്നാനിപ്പുഴ നീന്തിക്കടക്കല്‍ ഇ ടി മുഹമ്മദ് ബഷീറിനും മുസ്ലീം ലീഗിനും അത്ര എളുപ്പമാവില്ലെന്ന് ചുരുക്കം.
Discussion about this post