കാസര്‍കോട്: പെരിയയില്‍ കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നു പോയ വഴിയില്‍ ഒരു സംഘം അക്രമം നടത്തി. പെരിയ കല്യോട്ടുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെും കൃപേഷിന്റെയും വിലാപയാത്ര കടന്നു പോയ വഴികളിലെ കടകള്‍ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഫര്‍ണീച്ചര്‍ കടയ്ക്ക് സംഘം തീയിടുകയും ചെയ്തു. വിലാപയാത്ര കടന്നു പോയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.
നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അവരുടെ വസതികളിലെത്തിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു സ്ഥലത്താണ് സംസ്കരിക്കുന്നത്.
അതേസമയം, കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന സംഘം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി വിപുലീകരിച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
Discussion about this post