കോഴിക്കോട്: അന്തരിച്ച വയനാട് എംപി എംഐ ഷാനവാസിന്റെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയതലത്തിലേക്ക്. വിഷയത്തില്‍ കെഎസ്യു നേതൃത്വവും കെപിസിസിയും വാക്പോരിലേക്ക് കടന്നിരിക്കുകയാണ്. എംഐ ഷാനവാസിന്റെ മകള്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഷാനവാസിന്റെ മകള്‍ അമീന മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തി. സീറ്റ് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാന്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഷാനവാസിന്റെ മകള്‍ അമീനയെ ആദ്യം പാര്‍ട്ടിയിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും സ്ഥാനാര്ത്ഥിത്വത്തിലേക്കല്ലെന്നുമായിരുന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം. കോണ്‍ഗ്രസ് അധ്യക്ഷനും എഐസിസി ജനറല്‍ സെക്രട്ടറിക്കും ഇക്കാര്യം അറിയിച്ച് കത്തയക്കുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു കെപിസിസി പ്രസിഡന്റ്
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഷാനവാസിന്റെ മകള്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എതിര്‍പ്പുമായി കെഎസ്യു രംഗത്തെത്തിയത്.
Discussion about this post