തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ കരുക്കള്‍ നീക്കാന്‍ കോണ്‍ഗ്രസ്. തോറ്റ മണ്ഡലങ്ങളാണ് ഇത്തവണ ലക്ഷ്യം. 2014 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എട്ടു മണ്ഡലങ്ങളിലും വിജയം നേടാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായി തോല്‍വി നേരിടുന്ന ആലത്തൂരില്‍ ഫുട്ബോള്‍ താരം ഐഎം വിജയനെ കളത്തിലിറക്കും. പുറമെ പാലക്കാട്ടും ആറ്റിങ്ങലിലും സിറ്റിങ് എംഎല്‍എമാരേയും കളത്തിലിറക്കാനാണ് പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നത്.
കഴിഞ്ഞ തവണ 37,312 വോട്ടിനാണ് കോണ്‍ഗ്രസ് ആലത്തൂരില്‍ പരാജയപ്പെട്ടത്. ഐഎം വിജയനുമായി ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഈഴവ സമുദായ സ്വാധീനവും ശബരിമല വിഷയത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാനും ശ്രമം തുടരുന്നുണ്ട്.
അതേസമയം കഴിഞ്ഞ തവണ തോറ്റ എട്ടുസീറ്റുകളില്‍ തൃശൂര്‍, ചാലക്കുടി, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വലിയ വിജയ സാധ്യതയാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. അതുകൊണ്ടുതന്നെ അതീവ കരുതലോടെയായിരിക്കും ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം. ടിഎന്‍ പ്രതാപന്, വിഎം സുധീരന്, പിസി ചാക്കോ എന്നിവര്‍ക്കാണ് സാധ്യത. പുതുമുഖങ്ങളെ പരിഗണിക്കാനുള്ള സാധ്യയും കാണുന്നുണ്ട്. ചാലക്കുടിയിലായിരിക്കും വിഎം സുധീരനും, കെബാബുവും നില്ക്കുക എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നു. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ കഴിഞ്ഞതവണ മല്‍സരിച്ച ഡീന്‍ കുര്യാക്കോസ് തന്നെ മത്സരിച്ചേക്കും.
കണ്ണൂരില്‍ കെ സുധാകരന് തന്നെ വീണ്ടും മല്‍സരിക്കും. വര്‍ഷങ്ങളായി ചെങ്കൊടി പാറുന്ന സീറ്റാണ് കാസര്‍കോട്. 6921 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ഇവിടുത്തെ പരാജയം. എന്നാല്‍ ഇവിടെ മത്സരിക്കാന്‍ പി കരുണാകരന് വിസമ്മതം അറിയിച്ചതോടെ സര്‍വസമ്മതരെ തിരയുകയാണ് കോണ്‍ഗ്രസ്. പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയെ രംഗത്തിറക്കാനാണ് ആലോചന.
Discussion about this post