തിരുവനന്തപുരം: അണികളും മുന്‍നിര നേതാക്കളും കൈവിട്ടതോടെ ചടങ്ങുപോലെ നടത്തിവന്ന ബിജെപിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ബിജെപിയുടെ സമരം തുടര്‍ന്നിരുന്നത്.
എന്നാല്‍ പലനേതാക്കളും മാറി മാറി നിരാഹാരം കിടക്കുകയല്ലാതെ മാധ്യമശ്രദ്ധയോ ജനങ്ങളെ ആകര്‍ഷിക്കലോ നടന്നിരുന്നില്ല. ഇതിനിടെ മണ്ഡലകാലം അവസാനിക്കുകയും ചെയ്തതോടെ സമരത്തിന് അന്ത്യം കുറിക്കാം എന്ന നിലപാടെടുക്കുകയായിരുന്നു ബിജെപി. അല്ലാതെ സമരം നിര്‍ത്താന്‍ തക്കതായ കാരണം കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല സമരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ല എന്നും ബിജെപി അണികള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൂടിയാണ് സമരത്തില്‍ നിന്നും ബിജെപി പിന്‍വലിയുന്നത് എന്നും പറയപ്പെടുന്നു. ഡിസംബര്‍ മൂന്നിന് ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം. വലിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തി മഹാസമ്മേളനവും ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു.
എന്നാല്‍, സമരം ഏറ്റെടുക്കാന്‍ ബിജെപിയുടെ തന്നെ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബിജെപിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ മണ്ഡലകാലം അവസാനിച്ചത് സമരം നിര്‍ത്താനുള്ള കാരണമാക്കിയിരിക്കുകയാണ് ബിജെപി.
ബിജെപി ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, ദേശീയ കൗണ്‍സില്‍ അംഗം സികെ പത്മനാഭന് എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ അതിനു ശേഷം സമരം ഏറ്റെടുക്കാന്‍ ബിജെപിയുടെ നേതാക്കള്‍ തയാറാകാത്ത സ്ഥിതി വന്നു. ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ സുരേന്ദ്രന് നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവര്‍ സമരം നടത്താന്‍ തയ്യാറായില്ല. ബിജെപി എംപി വി മുരളീധരന് സമരപന്തലില്‍ എത്തി ഐക്യദാര്‍ഡ്യം അറിയിച്ചിരുന്നെങ്കിലും സമരം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബിജെപി നേതാക്കളായ എന്‍ ശിവരാജനും പിഎം വേലായുധനും നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളത്.
Discussion about this post