ബംഗളൂരു: 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ പുരസ്‌കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നൽകിയതിനുമാണ് പുരസ്‌കാരം.
ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. മേയറായി ചുമതല ഏൽക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സൗഹൃദമായ വികസനം എന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:
മേയറായി ചുമതല ഏൽക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സൗഹൃദമായ വികസനം എന്നത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുക എന്നതും ഒരു വെല്ലുവിളി തന്നെ ആയിരുന്നു. കാർബൺ ന്യൂട്രൽ അനന്തപുരി എന്ന നയം രൂപീകരിച്ചാണ് ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി 115 വൈദ്യുതി ബസുകൾ, 100 വൈദ്യുതി ഓട്ടോകൾ, 35 വൈദ്യുതി സ്കൂട്ടറുകൾ തുടങ്ങി ഒട്ടേറെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ, നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും ലൈഫ് പദ്ധതിയിലെ ഭവനങ്ങളിലും, അങ്കണവാടികളിലും സോളാർ റൂഫിങ് തുടങ്ങി പ്രകൃതി സൗഹൃദങ്ങളായ പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കാൻ സാധിച്ചു. ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഒരർത്ഥത്തിൽ പരിസ്ഥിതിയെ കൂടെ സംരക്ഷിക്കുന്നു എന്നതാണ് കാഴ്ചപാട്. ഈ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ദേശീയതലത്തിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ചത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം പിന്തുണ നൽകിയ നഗരത്തിലെ ജനങ്ങൾ, സഹപ്രവർത്തകർ, ജീവനക്കാർ തുടങ്ങി എല്ലാവർക്കും ഈ ഘട്ടത്തിൽ സ്നേഹവും നന്ദിയും അറിയിക്കുന്നു. ഇനിയുള്ളത് ചുരുങ്ങിയ ദിവസങ്ങളാണെങ്കിലും അതും കൂടി ഉപയോഗപെടുത്തി നമ്മുടെ നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് ലക്‌ഷ്യം. എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Discussion about this post