തിരുവനന്തപുരം: സുപ്രധാനമായ തിരുത്തൽ വരുത്തി മന്ത്രി സ്ഥാനത്ത് നിന്നും കെ. രാധാകൃഷ്ണന്റെ പടിയിറക്കം. ആലത്തൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിയായുള്ള അവസാനത്തെ ചടങ്ങിലാണ് സുപ്രധാനമായ മാറ്റം മന്ത്രി പ്രഖ്യാപിച്ചത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്ന പദത്തിൽ അറിയപ്പെടുന്നത് തിരുത്തുന്നത് സംബവ്ധിച്ചാണ് ഉത്തരവിറക്കിയത്.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും.
സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നാക്കിയും തിരുത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാനും അനുമതിയായി. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നടത്തിയാണ് മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പടിയിറക്കം.
Discussion about this post