തൃശൂരിലെ തോൽവിക്ക് പിന്നിൽ കോൺഗ്രസിലെ കാലുവാരൽ മാത്രമല്ല; മുരളീധരന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ദയനീയമായ തോൽവിക്ക് പിന്നിൽ ജില്ലാനേതൃത്വത്തിന്റെ പിഴവ് മാത്രമല്ലെന്ന് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം. തിരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പാർട്ടി. സ്ഥാനാർത്ഥിയെന്ന നിലയിൽ മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു.

അതുകൊണ്ട് തന്നെ കോൺഗ്രസുകാർ മുരളീധരനെ കാലുവാരി തോൽപ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം. തുടക്കം മുതൽ തന്നെ കെ മുരളീധരൻ പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും തോൽവിയിലേക്ക് നയിച്ചത് സംഘടനാ പ്രശ്‌നങ്ങൾ മാത്രമല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം.

തൃശൂർ കോൺഗ്രസ്സിൽ സംഘടനാ പ്രശ്‌നങ്ങളുണ്ട്. നേതൃത്വത്തിന് ഇതേക്കുറിച്ച് അറിയാവുന്നതുമാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഉൾപ്പാർട്ടിയിലെ പോര് ബാധിച്ചോ എന്നതിനെ കുറിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

also read- സത്യപ്രതിജ്ഞ ഞായറാഴ്ച, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും

സ്ഥാനാർത്ഥിയായ കെ മുരളീധരൻറെ ഭാഗത്ത് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് നേതൃത്വന്റെ വിലയിരുത്തൽ. സാമുദായിക സമവാക്യങ്ങളും ന്യൂനപക്ഷവോട്ടുകളിലെ വിളളലും മുരളിയെ തോൽവിയിലേക്ക് നയിച്ചു. ഇത്തരം അടിയൊഴുക്കുകൾ പ്രതിരോധിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. എങ്കിലും തൃശൂർ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുളള ജില്ലയിലെ നേതാക്കൾക്കെതിരെ ഏകപക്ഷീയ നടപടി വേണ്ടെന്ന നിലപാടിലാണ് കെപിസിസി. അന്വേഷണക്കമ്മീഷനെ വെച്ച് ഇക്കാര്യങ്ങൾ പഠിക്കാനാണ് നീക്കം.

Exit mobile version