കോട്ടയം: പത്തനംതിട്ടയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്ക് തെിരെ പിസി ജോർജ്. ബിജെപി നേതൃത്വത്തിനും അനിൽ ആന്റണിക്കും തെറ്റുപറ്റിയെന്നാണ് പിസി ജോർജിന്റെ പ്രതികരണം.
അനിൽ ആൻറണിയെ പോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ലെന്ന് പിസി ജോർജ് പറഞ്ഞു. അനിലിന് നാടുമായി ബന്ധം ഇല്ലായിരുന്നു. ഇത് തോൽവിക്ക് കാരണമായി. വോട്ട് പിടിക്കാൻ അനിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. താൻ പലരോടും വ്യക്തിപരമായി ഫോണിൽ വിളിച്ച് അഭ്യർഥിച്ചാണ് ഇത്രയും വോട്ട് ഉണ്ടാക്കിയതെന്നും പിസി ജോർജ് അവകാശപ്പെട്ടു.
ജയിക്കാവുന്ന ഒരു സീറ്റ് നശിപ്പിച്ചു. കോൺഗ്രസ് നേതാവ് എകെ ആൻറണിയുടെ മകനെന്നേയുള്ളൂ. എകെ ആന്റണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. പത്തനംതിട്ടയിൽ മത്സരിച്ച് അനിൽ ഭാവി നശിപ്പിക്കരുതായിരുന്നു എന്നും പിസി ജോർജ് വിശദീകരിച്ചു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ നാടുമായി ബന്ധമുള്ളതോ നാട്ടിൽ അറിയപ്പെടുന്നതോ സംസ്ഥാനതലത്തിൽ അറിയപ്പെടുന്നതോ ആയവരെയാണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യമുണ്ടാകും. അല്ലെങ്കിൽ സ്വന്തം പാർട്ടിക്ക് വോട്ട് ഉണ്ടാകണം. ഇതിലൊക്കെ കുറെ ചിന്തിക്കാനുണ്ട്.
സിപിഎമ്മിന് സ്വന്തം നിലയിൽ വോട്ടുള്ളതിനാൽ ആരെ നിർത്തിയാലും എവിടെ നിന്നും ജയിക്കാനാകും. ബിജെപി പതുക്കെ വളരുന്ന പാർട്ടിയാണെന്നും പിസി ജോർജ് വിശദീകരിച്ചു. ഇന്ത്യയുടെ രക്ഷ ബിജെപിയിലാണ്. കേന്ദ്രത്തിൽ സീറ്റ് കുറഞ്ഞത് നന്നായെന്നും ഇനിയെങ്കിലും പാഠംപഠിച്ച് മുന്നോട്ടു പോകാൻ കഴിയുമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.