വിജയം ലൂർദ് മാതാവിന്; തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു: വിജയത്തിൽ സുരേഷ് ഗോപി

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാനായതിൽ സന്തോഷം പങ്കിട്ട് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ചാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ‘തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ’ സുരേഷ് ഗോപി വണങ്ങി. അവർ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. വൻ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ നിന്ന് ലഭിച്ചത്.

ലൂർദ്ദ് മാതാവിന്റെ അനുഗ്രഹത്തിനും സുരേഷ് ഗോപി നന്ദി പറഞ്ഞു. ലൂർദ് മാതാവിന് സമർപ്പിച്ച കിരീടം പോലെ തൃശൂരിനെ തലയിലെടുത്തുവെയ്ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാൻ, വക്രവഴിക്ക് തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി, തിരിച്ച് എന്റേയും എന്നിലൂടെ എന്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങൾ തിരിച്ചുവിട്ടെങ്കിൽ ഇത് അവർ നൽകുന്ന അനുഗ്രഹം കൂടിയാണ്. ഇത് അതിശയമെന്ന് തോന്നി, ഇതൊരു നേട്ടമായിരുന്നു.

കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതരുന്നത്. കളിയാട്ടം, നാഷണൽ അവാർഡ്, എന്റെ മക്കൾ കുടുംബം എല്ലാം വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹമെന്ന് പറയുന്ന സ്ഥിതിയ്ക്കു മുകളിൽ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

പണിയെടുത്ത ആയിരത്തിലധികം ബൂത്തുകൾ. ബൂത്തുകളിലെ പ്രവർത്തകർ, വോട്ടർമാരടക്കം പ്രചരണത്തിനിറങ്ങി. എറണാകുളത്ത് നിന്നും മറ്റുജില്ലകളിൽ നിന്നു നിരവധി പ്രവർത്തകരാണ് പ്രചാരണത്തിനിറങ്ങിയത്. അവർക്കെല്ലാം നന്ദി പറയുന്നു.

ALSO READ- ആലപ്പുഴയിലെ ‘കനൽ കെടുത്തി’ കെസി വേണുഗോപാൽ; എഎം ആരിഫിന് ആദ്യ തോൽവി; മാവേലിക്കരയിൽ കൊടിക്കുന്നിൽ തന്നെ

കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടി പ്രവർത്തകർ എന്തൊക്കെ ആവശ്യപ്പെട്ടോ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടിയായി തിരിച്ചുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരെ ശാസിച്ചതിനെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ഇനിയും ശാസിക്കുമെന്നും അമിത് ഷാ വരെ ഇത്തരത്തിൽ നിർത്തിപ്പൊരിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി തുറന്നുപറഞ്ഞു.

അതേസമയം, ഇത് അതിശയം എന്ന നിലയ്ക്ക് ആർക്ക് തോന്നിയാലും വലിയൊരു നേട്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version