ബെംഗളൂരു: ഏറെ വിവാദത്തിലായ കർണാടകത്തിലെ ഹാസൻ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥി പ്രജ്ജ്വൽ രേവണ്ണ തോൽവിയിലേക്ക്. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് എം പട്ടേലിന് 43756 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഡിലാണ്. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രജ്ജ്വലിന് ജനങ്ങൾ തോൽവിയാണ് വിധിച്ചിരിക്കുന്നത്.
20 വർഷമായി ജെഡിഎസ് കുടുംബാധിപത്യം നിലനിൽക്കുന്ന മണ്ഡലമാണ് ഹാസൻ. അഞ്ചു തവണ മുൻ പ്രധാനമന്ത്രിയും പ്രജ്ജ്വലിന്റെ മുത്തച്ഛനുമായ എച്ച്ഡി ദേവഗൗഡ വിജയിച്ച മണ്ഡലമാണിത്. 2004 മുതൽ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ നിലനിർത്തിപ്പോന്ന മണ്ഡലം 2019-ൽ പ്രജ്വൽ രേവണ്ണയ്ക്ക് കൈമാറുകയായിരുന്നു. അന്ന് പ്രജ്ജ്വലിന്റെ വിജയം ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലായിരുന്നു.
അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രജ്ജ്വലിന്റെ ഉജ്ജ്വലമായ വിജയം തന്നെയാണ് ജെഡിഎസ് സ്വപ്‌നം കണ്ടിരുന്നത്. എന്നാൽ, നിരവധി സ്ത്രീകൾക്ക് എതിരെ ലൈംഗികാതിക്രമം നടത്തി വീഡിയോ ചിത്രീകരിച്ച പ്രജ്ജ്വലിന്റെ യഥാർഥ മുഖം പുറത്തെത്തിയതോടെ തിരഞ്ഞെടുപ്പിൽ ഇക്കാര്യം തിരിച്ചടിയാവുകയുമായിരുന്നു.
ലൈംഗികാതിക്രമം നടത്തി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതിയായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരേയും എൻഡിഎയ്‌ക്കെതിരേയും വലിയ രോഷമാണ് ഉയർന്നത്. സംഭവത്തിൽ കേസെടുത്തതോടെ വിദേശത്തേക്ക് കടന്ന പ്രജ്വൽ ഇന്ത്യ വിട്ടിരുന്നു. ഏഴാംഘട്ടതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു തിരിച്ച് എത്തിയത്. പിന്നാലെ അറസ്റ്റിലാവുകയും ചെയ്തു.