തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്കായി സ്ഥാപിച്ച ഫ്ളക്സ് വിവാദത്തിൽ. അന്തരിച്ച നടനും മുൻ എൽഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചാണ് ഫ്‌ളക്‌സ് അടിച്ചിരിക്കുന്നത്. ഇരുവരുടേയും സൗഹൃദം മുതലെടുക്കുന്ന പോസ്റ്ററിൽ ‘എല്ലാത്തിനുമപ്പുറം സൗഹൃദം’ എന്നും കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം തന്നെ ഇന്നസെന്റിന്റെയും ചിത്രംഫ്ളക്സിൽ ചേർത്തത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ളക്സിലാണ് ഇന്നസെന്റിന്റെ ചിത്രം. കൂടൽമാണിക്യ ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റർ. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് ലോക്‌സഭാ എംപിയായിരുന്ന അന്തരിച്ച ഇന്നസെന്റിന്റെ ചിത്രം എതിർരാഷ്ട്രീയത്തിലുള്ള വ്യക്തി ഇപയോഗിച്ചതാണ് ചർച്ചയായിരിക്കുന്നത്.
അതേസമയം, ഈ ഫ്‌ളക്‌സ് ബോർഡ് വച്ചത് കുടുംബത്തിന്റെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം വിശദമാക്കി.