ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെയും ഭാര്യയുടെയും ആസ്തി അഞ്ച് വർഷം കൊണ്ട് ഇരട്ടിയായെന്ന് കണക്കുകൾ. ഗാന്ധിനഗറിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അമിത് ഷാ സമർപ്പിച്ച നാമനിർദേശ പത്രികയ്ക്ക് ഒപ്പമാണ് സ്വത്തുവിവരങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. കണക്ക് പ്രകാരം അമിത് ഷായുടെയും ഭാര്യ സോനൽ ഷായുടെയും പേരിലുള്ള ആസ്തി 65.67 കോടി രൂപയുടേതാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ പത്രികയിൽ ഇത് 30.49 കോടി രൂപയായിരുന്നു. അഞ്ച് വർഷം കൊണ്ട് 100 ശതമാനം വളർച്ചയാണ് സമ്പത്തിൽ ഉണ്ടായിരിക്കുന്നത്.
അമിത് ഷായുടെ കൈയ്യിൽ പണമായും ബാങ്ക് നിക്ഷേപമായും ബാങ്കിലെ സമ്പാദ്യമായും, സ്വർണം, വെള്ളി എന്നിവയായും ജംഗമ വസ്തുക്കളായും 20.23 കോടി രൂപയുടെ ആസ്തിയുണ്ട്. 17.46 കോടി രൂപയുടെ ഓഹരികളും 72.87 ലക്ഷം രൂപ വില മതിക്കുന്ന മൂല്യമേറിയ കല്ലുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. എന്നാൽ ഒരു വാഹനം പോലും ഇദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
അമിത് ഷായുടെ ഭാര്യ സോനൽ ഷായുടെ പേരിൽ പണമായും ബാങ്ക് നിക്ഷേപവും സമ്പാദ്യവുമായും ഓഹരി നിക്ഷേപമായും 22.46 കോടി രൂപയുടെ ആസ്തിയുണ്ട്. സ്വർണം വെള്ളി എന്നിവയുടെ ആഭരണങ്ങൾ 1.10 കോടി രൂപയുടേത് സോനലിന്റെ ഉടമസ്ഥതയിലുണ്ട്.
ഗുജറാത്തിലെ ഗാന്ധി നഗറിൽ കൃഷി ഭൂമിയും വീടുകളും പ്ലോട്ടുകളുമൊക്കെയായി 16.31 കോടി രൂപ വിലമതിക്കുന്ന സ്വത്ത് അമിത് ഷായുടേ പേരിലുണ്ട്. ഗുജറാത്തിൽ തന്നെ പല ഭാഗത്തായി സോനലിന് 6.55 കോടി വിലമതിക്കുന്ന ഭൂസ്വത്തുക്കൾ ഉണ്ട്. അമിത് ഷാക്കെതിരെ നിലവിൽ മൂന്ന് കേസുകൾ വിവിധ കോടതികളിലായി ഉണ്ടെന്നും ുടെ പരിഗണനയിലുണ്ടെന്നും പത്രകയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post