കൊച്ചി: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രമെന്ന് പ്രതികരിച്ച് എം സ്വരാജ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും താൻ ഹൈകോടതിയിൽ തെളിവിനായി കൃത്യമായ രേഖകൾ സമർപ്പിച്ചിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇത്തരം വിധികൾ ഇടയാക്കുമെന്നും സ്വരാജ് വിശദീകരിച്ചു.
അതേസമയം എംഎൽഎയായി തുടരാമെന്ന ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പറഞ്ഞു. ജസ്റ്റിസ് പിജി അജിത്കുമാറാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തേ ഹർജിക്കെതിരെ ബാബു നൽകിയ തടസ്സ വാദ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 2021 ജൂണിൽ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്.