ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്.
വിരുദുനഗറില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് നടി രാധിക ശരത് കുമാറാണ്. നേരത്തെ തന്നെ രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതാണ്. എന്നാല്‍ ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതോടെ ഇത് സ്ഥിരീകരിക്കുകയാണ്. തമിഴകത്തെ സൂപ്പര്‍ താരമായിരുന്ന വിജയകാന്തിന്റെ മകന് വിജയ പ്രഭാകരനെയാണ് രാധിക വിരുദുനഗറില്‍ എതിരിടുന്നത്.
പുതുച്ചേരിയില്‍ എ. നമശ്ശിവായം ആണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അറുമുഖം നമശ്ശിവായം 2021-ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
എന്നാല്‍ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല. കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
Discussion about this post