കോതമംഗലം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് മുഴുവൻ ഡിപ്പോകളിലേയും സർവീസുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. കളക്ഷൻ കുറഞ്ഞ ട്രിപ്പുകൾ നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം ഡിപ്പോകൾക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, അധികൃതർ ഡീസൽ നഷ്ടം ഒഴിവാക്കാനാണ് ട്രിപ്പുകൾ ചുരുക്കിയതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. ട്രിപ്പ് കുറച്ചതോടെ വരുമാനം കൂടിയെന്നുമാണ് വാദം. നിലവിൽ എത്ര ട്രിപ്പുകൾ റദ്ദാക്കി എന്നതിന്റെ കണക്ക് എടുത്തുവരുകയാണ്.
രാവിലെ 11-നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയ്ക്കുള്ള സമയത്തുള്ള ബസ് സർവീസുകളാണ് കൂടുതലും വെട്ടിച്ചുരുക്കിയത്. വരുമാനം കുറവുള്ള ട്രിപ്പുകൾ റദ്ദ് ചെയ്ത് സർവീസ് ക്രമീകരിക്കാനാണ് സംസ്ഥാനത്തെ 92 ഡിപ്പോകൾക്ക് രേഖാമൂലം നിർദേശം നൽകിയിട്ടുള്ളത്.

ഈ നിർദേശത്തിൽ രണ്ട് മണിക്കൂർ സമയമാണ് പറയുന്നതെങ്കിലും ചൂട് കൂടിയ സമയത്ത് യാത്രക്കാർ കുറഞ്ഞ ട്രിപ്പുകളെല്ലാം ഒഴിവാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ക്രമീകരിച്ച ട്രിപ്പുകളുടെ വിവരം ഇ-മെയിൽ മുഖേന മേഖലാ കാര്യാലയത്തിൽ അറിയിക്കണമെന്നും ചീഫ് ട്രാഫിക് മാനേജരുടെ നിർദേശത്തിലുണ്ട്.
അതേസമയം, പല ഡിപ്പോകളിലും അഞ്ചുവരെ ട്രിപ്പുകൾ നിർത്തിയിട്ടുണ്ട്. ഇത് ദീർഘദൂര സർവീസുകളെ ബാധിച്ചിട്ടില്ല. സിറ്റി സർവീസുകളും ഒറ്റപ്പെട്ട സർവീസ് നടത്തുന്ന ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിലുമാണ് ട്രിപ്പുകൾ കുറഞ്ഞിരിക്കുന്നത്.
രാവിലത്തെ ട്രിപ്പ് കഴിഞ്ഞാൽ ഉച്ചകഴിഞ്ഞായിരിക്കും അടുത്ത ട്രിപ്പ്. പരീക്ഷകൾ നടക്കുന്ന സമയമായതുകൊണ്ട് അപ്രതീക്ഷിതമായി ട്രിപ്പ് മുടങ്ങിയത് വിദ്യാർത്ഥികളെ ബാധിക്കുന്നുണ്ട്.
















Discussion about this post