തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന കൗൺസിലിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തൃശൂർ തിരിച്ചുപിടിക്കാൻ മുൻ മന്ത്രി വിഎസ് സുനിൽകുമാറാണ് രംഗത്തിറങ്ങുന്നത്. തിരുവനന്തപുരത്ത് മുൻ എംപി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ പുതുമുഖം സിഎ അരുൺകുമാറും സ്ഥാനാർത്ഥികളാകും. നിർണായകമായ മറ്റൊരു മണ്ഡലമായ വയനാട്ടിൽ ദേശീയ നേതാവ് കൂടിയായ ആനി രാജയുമായിരിക്കും മത്സരിക്കുക.
എൽഡിഎഫിന്റെ ഭാഗമായി നാലു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 15 സീറ്റുകളിൽ സിപിഎമ്മും ഒരിടത്ത് കേരള കോൺഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. തോമസ് ചാഴിക്കാടനാണ് കോട്ടയത്തെ സ്ഥാനാർത്ഥി.
തൃശ്ശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് വലിയ ചർച്ചകൾ വേണ്ടിവന്നിരുന്നില്ല.
അതേസമയം, മാവേലിക്കര മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരുൾപ്പടെ ഉർന്നുകേട്ടെങ്കിലും പുതുമുഖമായ എഐവൈഎഫ് നേതാവ് അരുൺ കുമാറിന് അവസരം ലഭിക്കുകയായിരുന്നു.