തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കേരളത്തിൽ തകരുമെന്നും. വോട്ടെടുപ്പ് കഴിയുന്നതോടെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവൂ എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വിജയിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തിലുണ്ടാകും. സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിൽ വർഗീയ ശക്തികൾ വളരുന്നതിനെ കുറിച്ചും കെ സുരേന്ദ്രൻ വിമർശിച്ചു. ഇതിന് കാരണം എൽഡിഎഫും യുഡിഎഫുമാണെന്നും ഇരുകൂട്ടരും വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫ് ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ .യുഡിഎഫ് തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.