പത്തനംതിട്ട: അബദ്ധങ്ങൾ കൊണ്ട് വീണ്ടും വാർത്തയിലിടം പിടിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരാഗ്നി യാത്ര. പത്തനംതിട്ടയിൽ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെ യാത്ര നയിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന് സ്വാഗതം ആശംസിക്കുന്നതിന് പകരം ആശംസകൾ നേർന്നത് കെ സുരേന്ദ്രന്.
കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപിയാണ് സമരാഗ്‌നി യാത്രക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിനിടെ കെ സുധാകരന്റെ പേരിന് പകരം നാക്കുപിഴച്ച് കെ സുരേന്ദ്രൻ എന്ന് പറഞ്ഞത്. കെപിസിസി അധ്യക്ഷൻ എന്ന് വരെ കൃത്യമായി പറഞ്ഞ ആന്റോ ആന്റണി സുധാകരൻ എന്ന പേരിന് പകരം സുരേന്ദ്രൻ എന്ന് പറയുകയായിരുന്നു.
മറ്റുള്ളവർ ചൂണ്ടിക്കാണിച്ചതോടെ പിഴവ് മനസിലാക്കിയ ആന്റോ ആന്റണി ഉടൻ തന്നെ തിരുത്തുകയും ചെയ്തു. ‘സമരാഗ്നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ. സുരേന്ദ്രൻ അവർകളേ…’ എന്നായിരുന്നു ആന്റോ ആന്റണി സ്വാഗതം ചെയ്തത്. മറ്റുള്ളവർ ഓർമ്മിപ്പിച്ചതോടെ പിഴവ് മനസിലാക്കിയ ആന്റോ ആന്റണി ഉടൻ വേദിയിലേക്ക് തിരിഞ്ഞ് നോക്കി ‘കെ. സുധാകരൻ അവർകളേ…’ എന്ന് തിരുത്തി പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
കെ സുധാകരന്റെയും വിഡി സതീശന്റെയും നേതൃത്വത്തിൽ ജനുവരി 21ന് കാസർകോട് നിന്ന് ആരംഭിച്ച സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്ര ഇന്നലെയാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചത്. നേരത്തെ സമരാഗ്നി യാത്രയെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിന് എത്താൻ വൈകിയ വിഡി സതീശനെ കെ സുധാകരൻ അസഭ്യം പറഞ്ഞത് വലിയ വാർത്തയായിരുന്നു.
സമരാഗ്‌നിയോട് അനുബന്ധിച്ച് 26ന് രാവിലെ 10ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ജനകീയ ചർച്ച സദസ് നടക്കും. ചർച്ച സദസ്സിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരും പങ്കെടുക്കും.
Discussion about this post