ന്യൂഡൽഹി: വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന വയനാട്ടിലെ ജനങ്ങളെ സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ വെറുമൊരു ടൂറിസ്റ്റ് മാത്രമാണെന്നും അഞ്ചോ ആറോ മാസം കൂടുമ്പോൾ മാത്രമാണ് അദ്ദേഹം മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതെന്നും വി മുരളീധരൻ വിമർശിച്ചു.
ഒരാഴ്ചയിലധികമായി വയനാട്ടിലെ ജനങ്ങൾ, നേരിടുന്ന വന്യജീവി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ലഭിക്കാത്തതാണ് വനംവകുപ്പ് വാച്ചറായ പോളിന്റെ മരണത്തിന് കാരണമായത്. ജനങ്ങളെ ചികിത്സിക്കാൻ മതിയായ സംവിധാനങ്ങളുള്ള മെഡിക്കൽ കോളേജ് വയനാട്ടിൽ ഇല്ലെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.
രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനാവശ്യമായത് ചെയ്യണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസുകാർ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ‘കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അവരെ കണ്ട് മനസ്സിലാക്കണം’ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
ലോകം മുഴുവൻ എന്താണ് നടക്കുന്നത് എന്ന് കേരളത്തിലെ കോൺഗ്രസുകാർ കണ്ണുതുറന്ന് കാണുക. ബിജെപിയുമായി ചേരാൻ താത്പര്യമുള്ള എല്ലാവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വി മുരളീധരൻ വിശദീകരിച്ചു.
Discussion about this post