തൃശൂർ: സുരേഷ് ഗോപി സിനിമാ സ്റ്റൈലിൽ പ്രതികരിക്കുമെന്നും അദ്ദേഹം ഒരു സിനിമാ നടൻ ആണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. സുരേഷ് ഗോപി 80 ശതമാനം സിനിമാനടനും 20 ശതമാനം പൊതുപ്രവർത്തകനുമാണ് എന്നാണ് എംടി രമേശ് പ്രതികരിച്ചത്.
സുരേഷ് ഗോപിയുടെ പൊതുപ്രവർത്തനം സാമൂഹ്യപ്രവർത്തനമാണ്. അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം സാമൂഹികപ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കുകയാണെന്നും എംടി രമേശ് വിശദീകരിച്ചു.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും എംടി രമേശ് വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മത ധ്രുവീകരണം നടത്തുകയാണെന്നും എംടി രമേശ് വിമർശിച്ചു. അതിനായി മുസ്ലിം ലീഗിനെ കരുവാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുസ്ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശൽ നടത്തുകയാണ്. ഇരു പാർട്ടികൾക്കും റാലി നടത്താനുള്ള സ്ഥലങ്ങൾ കോഴിക്കോടും മലപ്പുറവും മാത്രമാണെന്നും എംടി രമേശ് ചൂണ്ടിക്കാണിച്ചു. ഹമാസ് അനുകൂല റാലി തെക്കൻ കേരളത്തിൽ നടത്തുന്നില്ല. പാലസ്തീനോടുള്ള പ്രേമമല്ല, ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് ഇതെന്നാണ് എംടി രമേശ് പറഞ്ഞത്.