തിരുവനന്തപുരം: നടന്‍ വിനായകന്‍ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയെന്ന കേസില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പോലീസ് സ്‌റ്റേഷനാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും സ്റ്റേഷനില്‍ മാന്യത പാലിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തികളിലൂടെ പോലീസിനെ ദുര്‍ബലപ്പെടുത്തരുതെന്നും ഇപി പറഞ്ഞു. എന്നാല്‍ വിനായകന്‍ മാന്യത പാലിച്ചില്ലെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, പോലീസിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് വിനായകന് അഭിപ്രായമുണ്ടെങ്കില്‍ പരാതി നല്‍കിയാല്‍ അക്കാര്യം പരിശോധിക്കുമെന്നും ഇപി വ്യക്തമാക്കി.
‘പോലീസ് സ്റ്റേഷനാണിതെന്ന് അംഗീകരിക്കണം. എല്ലാവരും ഇതില്‍ ഒരു മാന്യത പാലിക്കണം. പോലീസിനെ ദുര്‍ബലപ്പെടുത്തരുത്. പോലീസിനെ നിര്‍വീര്യമാക്കിയാല്‍ വലിയ ആപത്താണ്.’
‘ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് തെറ്റായ ഒരു കാര്യവും ചെയ്യുന്നില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രേഖാമൂലം എഴുതികൊടുത്താല്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും’- എന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.
അതേസമയം, ഈ വിഷയത്തില്‍ സഖാവായതിനാല്‍ വിനായകന് പ്രത്യേക പ്രിവിലേജ് കിട്ടിയെന്ന പ്രചാരണം നടക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം എതിരഭിപ്രായം രേഖപ്പെടുത്തി. മുന്‍പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് പോലീസ് സ്റ്റേഷനില്‍ കസേര വരെയുണ്ടെന്ന്പലരും പ്രചരിപ്പിച്ചിരുന്നു. ഇപ്പം അത് പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സ്റ്റേഷനിലും തെറ്റായിട്ടുള്ള ഒരു നടപടിയേയും ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും നേതാവും ഇടപെടാറില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഇപി വ്യക്തമാക്കി.