തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സൂചന. വിഷയത്തില്‍, കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ ബിജെപി – ആര്‍എസ്എസ് കേന്ദ്ര നേതൃത്വം വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. തുടര്‍ന്നാണ് വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 22നാണ് സുപ്രീംകോടി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി ന്യായീകരിച്ചായിരുന്നു കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്രമോഡി എഎന്‍ഐ അഭിമുഖത്തില്‍ സംസാരിച്ചത്. റിവ്യൂ ഹര്‍ജിയില്‍ കോടതി വിധി അനുകൂലമാവും എന്ന പ്രതീക്ഷയാണ് കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ വച്ചുപുലര്‍ത്തുന്നത്. വിധി എതിരാവുകയാണെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാം എന്ന് കേന്ദ്രത്തില്‍ നിന്ന് ഇവിടത്തെ നേതാക്കള്‍ക്ക് ഉറപ്പുകിട്ടിയതായും സൂചനയുണ്ട്.
അതേസമയം സാങ്കേതികവും നിയമപരവുമായുള്ള ചില കടമ്പകള്‍ ഓര്ഡിനന്സിനുണ്ടാവുമെന്നാണ് ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. അത് മറികടക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഫെഡറല്‍ തത്വങ്ങളെ ലംഘിക്കുന്നു എന്നാരോപിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെതിരെ ഇടതുപക്ഷം പ്രചാരണം നടത്തുകയാണെങ്കില്‍ അതിനെതിരെയും സംഘപരിവാര്‍ രംഗത്തെത്തും. വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചത് പ്രചരിപ്പിക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ നീക്കം. പോലീസ് ഇവരെ കേരളത്തിന് പുറത്തു കൊണ്ടുപോയി താമസിപ്പിച്ചു എന്നത് പ്രചരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
Discussion about this post