കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ആളെയത്തിച്ച സ്കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. പേരാമ്പ്രയില്‍ നടന്ന സ്വീകരണത്തിന് ആളെ എത്തിക്കാനാണ് മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന് ഗവ. ഹൈസ്കൂളില്‍ കുട്ടികളെയെത്തിക്കുന്ന ബസ് ഉപയോഗിച്ചത്. കഴിഞ്ഞമാസം 24 നായിരുന്നു സംഭവം.
യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് നല്കിയ പരാതിയിലാണ് നടപടി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബസാണെങ്കിലും പരാതിയില്‍ പറയുന്നപ്രകാരം ബസ് സര്‍വീസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പിപി രാജന് നടപടി സ്വീകരിച്ചത്. പെര്‍മിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി 3000 രൂപ പിഴയും കോണ്‍ട്രാക്ട് കാര്യേജ് നിരക്കില്‍ അധികനികുതിയായി 11,700 രൂപയുമാണ് ബസ്സുടമയില്‍ നിന്ന് ഈടാക്കിയത്.
സ്കൂള്‍ബസ് കേടായതിനാല്‍ വാടകയെടുത്ത ബസാണ് സ്കൂളിനുവേണ്ടി ഓടുന്നതെന്നാണ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. വാടക നല്‍കിയാണ് ബസ് വിളിച്ചതെന്ന് സിപിഎം നേതാക്കളും വ്യക്തമാക്കി. കുട്ടികളെ എത്തിക്കുന്ന ജോലികഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഓട്ടം പോകാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, സ്കൂള്‍ബസ് എന്ന നിരക്കില്‍ കുറഞ്ഞ നികുതിയാണ് ബസിന് അടച്ചിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി.
പരാതി ഉയര്‍ന്നതിനുശേഷം കുട്ടികളെ കൊണ്ടുപോകാന്‍ ഈ ബസ് സ്കൂളില്‍ ഉപയോഗിക്കുന്നില്ല. മുന്‍പ് സ്കൂള്‍ബസിന്റെ പേര് എഴുതി മഞ്ഞപെയിന്റടിച്ചാണ് ഓടിയിരുന്നത്. ഇപ്പോള്‍ ടൂറിസ്റ്റ് വാഹനമായി വെള്ളപെയിന്റടിച്ചാണ് ഓടുന്നത്. അതേസമയം, പരാതിയില്‍ പറയുന്ന മറ്റൊരു ബസ് ഇത്തരത്തില്‍ ഓടിയതായി കണ്ടെത്താനായിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Discussion about this post