കോട്ടയം: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും മതിയായ ചികിത്സ ലഭ്യമാക്കുന്നില്ല എന്നുമുള്ള പ്രചാരണം നടന്നിരുന്നു. കുടുംബവും പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കാതെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്ന നിലയിലായിരുന്നു സോഷ്യല്‍മീഡിയയിലടക്കമുള്ള പ്രചാരണങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ തനിക്ക് ചികിത്സ ലഭിക്കുന്നുണ്ടെന്നും വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്നും സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.
കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനും പിതാവിന് മികച്ച ചികിത്സ നല്‍കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ രോഗാവസ്ഥ എന്താണെന്നും വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദം ഉണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.
അതുകൊണ്ട്, ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കര്‍മ്മമണ്ഡലത്തില്‍ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.