സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റല്‍; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

arif-muhammed-khan

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ബില്‍ അവതരിപ്പിക്കാനാണ് ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന കേരള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.

അതേസമയം, ബില്ല് അവതരിപ്പിച്ചാലും ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ അത് നിയമമാകുകയുളളൂ. ബില്ല് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാദ്ധ്യത. ചാന്‍സലറുടെ നിയമനം അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ബില്ലില്‍ പറയുന്നത്. കാലാവധി കഴിഞ്ഞാല്‍ ഒരു തവണ പുനര്‍നിയമനം നല്‍കും.

also read: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയെ കയറിപ്പിടിച്ചു; മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

സര്‍വകലാശാലയിലാകും ചാന്‍സലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാന്‍സലര്‍. ഗവര്‍ണര്‍ പദവി വഹിക്കുന്നയാള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി എല്ലാ സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഉന്നതമായ അക്കാഡമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികള്‍ വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Exit mobile version