കൊച്ചി: സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാര്‍ ഒരുപാട് കോണ്‍ഗ്രസിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാര്‍ ഒരുപാട് കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസിന് വേറെ ഓപ്ഷന്‍ ഇല്ലെന്നും ജനങ്ങള്‍ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കള്‍ക്കുമുണ്ട്. കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവര്‍ അരക്ഷിതരാണ്. ഇവിടെ ഓഫറുകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സുധാകരന്‍ വിഷയത്തില്‍ എതിര്‍പ്പറിയിടച്ച മുസ്ലിം ലീഗിനെതിരെയും സുരേന്ദ്രന്‍ പ്രതികരിച്ചു. കെ സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗ് ആണോ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം, ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ വിശദീകരണവുമായി കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. സംഭവിച്ചത് വാക്കുപിഴയാണെന്നും മനസില്‍ പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് പരാമര്‍ശം എത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നെഹ്‌റുവിനെ ചാരി തന്റെ വര്‍ഗീയമനസിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ പ്രതികരിച്ചു.