ഈ വാര്‍ത്തയെ ആശ്രയിച്ച് ട്വീറ്റ് ചെയ്യില്ല; വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവിയെ തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍

ജനം ടിവിയെ പരോക്ഷമായി തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്.

കൊച്ചി: വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷപരിപാടികളെ അല്‍ഖ്വയ്ദ ഐക്യദാര്‍ഢ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ജനം ടിവിയെ പരോക്ഷമായി തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്. ഇത്തരം വാര്‍ത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യാന്‍ പോകില്ലെന്നും ആ ട്വീറ്റ് പിന്‍വലിക്കാന്‍ നോക്കാമെന്നും ഹരിദാസ് പറഞ്ഞു.

വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ? എന്ന ചോദ്യമുയര്‍ത്തിയുള്ള ഏഷ്യനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഹരിദാസ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും തെറ്റ് വന്നാല്‍ തിരുത്തുകയും വേണമെന്നും പറഞ്ഞ അദ്ദേഹം ആ വാര്‍ത്തകളില്‍ നിന്ന് തനിക്ക് കിട്ടിയ സൂചനകള്‍ ഇതൊരു ഔദ്യോഗിക സോഴ്സില്‍ നിന്ന് വന്നതാണെന്നും പറഞ്ഞു.

അതിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. ജമ്മു കാശ്മീരിലും ഇസ്ലാം രാജ്യങ്ങളിലുമൊക്കെ ഇത്തരം വസ്ത്രം കെട്ടി നടക്കുന്നതെല്ലാം കണ്ടിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് ആദ്യം മനസില്‍ വരികയുള്ളൂ. കേരളത്തില്‍ ഇത് നടക്കില്ലെന്ന് പറയുമ്പോള്‍ തന്നെ ഇരിട്ടിയിലെ സംഭവങ്ങള്‍ ഇവിടെ തന്നെയാണ് നടന്നതെന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കോളേജിലും മറ്റ് കോളേജുകളിമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. അത് തടയപ്പെടുക തന്നെ വേണമെന്നും ഹരിദാസ് പറഞ്ഞു. വ്യാജവാര്‍ത്ത നല്‍കിയ ജനം ടിവിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പണിഞ്ഞ് തൊപ്പി വെച്ച് കൊണ്ടായിരുന്നു സലിം കുമാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്.

Exit mobile version