അണികളില്‍ മുറുമുറുപ്പ്; ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെ നീക്കി; നടപടിക്ക് ശക്തി കുറഞ്ഞുപോയെന്ന് ഒരു വിഭാഗം

സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം ചെയ്യുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി.

മഞ്ചേശ്വരം: ശബരിമലയിലെ ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം ചെയ്യുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി. മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിക്കെതിരെയാണ് നടപടി. മുഹമ്മദ് ഹാജിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചത്.

യൂത്ത് ലീഗിന്റെ യുവജനയാത്ര സമാപന ദിവസമാണ് തിരുവനന്തപുരത്ത് ശോഭ സുരേന്ദ്രന്റെ ഉപവാസ പന്തല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. ഇതോടെ ലീഗിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലും പുകഞ്ഞതോടെയാണ് നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമായത്. അണികളുടെ ഭാഗത്തു നിന്നും നടപടി ആവശ്യപ്പെട്ട് അമര്‍ഷമുയര്‍ന്നിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബികെ യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബിജെപി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.

എന്നാല്‍, വനിതാ മതിലിനെ പിന്തുണച്ചതിനു ഷുക്കൂര്‍ വക്കീലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും കഠി ജലീലിന്റെ കൂടെ വേദി പങ്കിട്ട പള്ളിക്കല്‍പഞ്ചായത്ത് പ്രസിഡന്റ് മിധുനയെ പുറത്താക്കുകയും ചെയ്ത പാര്‍ട്ടി, ബിജെപിയുടെ ഔദ്യോഗിക പരിപാടിയുടെ വേദിയിലെത്തിയ നേതാക്കള്‍ക്കെതിരെ മൃദുസമീപനം സ്വീകരിച്ചത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. എന്നാല്‍ നേതാവിനെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുകയെന്നത് പാര്‍ട്ടി സ്വീകരിച്ച ലഘുവായ അച്ചടക്ക നടപടി മാത്രമാണെന്നും ശക്തമായ താക്കീതാണ് വേണ്ടതെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

Exit mobile version