കാക്കനാട്: പി ടി തോമസിന്റെ വിയോഗത്തിൽ രാഷ്ട്രീയ കേരളം വിതുമ്പുമ്പോൾ കുടുംബത്തിനും അദ്ദേഹം വിടവാങ്ങിയത് വിശ്വസിക്കാനാകുന്നില്ല. ആശുപത്രിയിൽ ആരോഗ്യത്തിലേക്ക് പിതാവ് തിരിച്ചുവരുന്നതു കണ്ടാണ് മകൻ വിഷ്ണു വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പാലാരിവട്ടത്തെ വീട്ടിൽ നിന്നും മൂത്ത മകൻ വിഷ്ണുവിനെ അവസാനനിമിഷം വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു പിടി തോമസ്.
ചൊവ്വാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഭാര്യ ഉമയും ഇളയ മകൻ വിവേകും ആശുപത്രിയിൽതന്നെ ഉണ്ടായിട്ടും മൂത്തമകനെ കൂടി ആശുപത്രിയിലേക്ക് വിളിച്ചത്. മടങ്ങിയെത്തിയ വിഷ്ണി പിടിയെ കാണുകയും ചെയ്തു.
ഡിസംബർ 12-ന് ആശുപത്രിക്കിടക്കയിൽ വെച്ച് 71-ാം പിറന്നാൾ ചെറിയതോതിലെങ്കിലും ആഘോഷമാക്കാൻ കുടുംബം ശ്രദ്ധിച്ചിരുന്നു. മകൻ വിവേകിന്റെ സ്നേഹപൂർണമായ നിർബന്ധത്തെത്തുടർന്നായിരുന്നു രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി ആഘോഷം. പിറന്നാൾ തൊപ്പിയണിഞ്ഞ്, കേക്കും മുറിച്ച് സന്തോഷത്തോടെ തന്നെ അദ്ദേഹം ഫോട്ടോയുമെടുത്തു. എന്നാൽ, പിടി യോ ഒപ്പമുള്ളവരോ കരുതിയിരുന്നില്ല, പത്താംനാൾ വിടപറയുമെന്ന്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിടിയെ സ്പീക്കർ എംബി രാജേഷ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ഒട്ടേറെപ്പേർ കാണാനെത്തിയിരുന്നു, പ്രവർത്തകരുൾപ്പെടെ ഒട്ടേറെപ്പേർ ഫോണിലൂടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. പിടി പഠിച്ച എറണാകുളം മഹാരാജാസ് കോളേജിലെതന്നെ വിദ്യാർഥിയായിരുന്ന ഡോ. ടൈറ്റസാണ് വെല്ലൂരിൽ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയിരുന്നത്.
മലയാളികളായ ഡോ. സുകേശും ഡോ. അനൂപുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ പരിചരിക്കാനുണ്ടായിരുന്നു. പാൻക്രിയാസിനെ ബാധിച്ച അർബുദമാണ് പിടി തോമസിന്റെ മരണകാരണമായത്. കാലങ്ങളായി വിവിധ അസുഖങ്ങൾ ശാരീരികമായി തളർത്തിയിരുന്നെങ്കിലും എന്നും ഊർജ്ജസ്വലനായിരുന്നു പിടിയെന്ന് രാഷ്ട്രീയ കേരളം ഓർക്കുന്നു.
Discussion about this post