ന്യൂഡല്‍ഹി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനോട് ബിജെപി. മമത ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപിയുടെ പ്രതികരണം.
“ബംഗാള്‍ മുഖ്യമന്ത്രിയായ മമത ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായും മറ്റ് മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണ്. പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ ഉയര്‍ത്തിക്കാട്ടുന്നതിന് മുമ്പ് മമത ബാനര്‍ജിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം ഔദ്യോഗക പ്രഖ്യാപനം നടത്തണം. അതിനുശേഷം പ്രതിപക്ഷത്തിന്റെ മുഖമായി മമത ബാനര്‍ജിയെ അംഗീകരിക്കണോ വേണ്ടയോ എന്ന് പ്രതിപക്ഷം തീരുമാനിക്കട്ടെ. ഞങ്ങള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് കഴിഞ്ഞു. അത് നരേന്ദ്ര മോഡിയാണ്.” ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ പ്രതികരിച്ചു.
ദേശീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മമത തന്റെ ആളുകളെ വിവിധ സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നതെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തിയാണ് അവര്‍ അധികാരത്തിലെത്തിയതെന്നും സുകന്ദ ആരോപിച്ചു.
തിങ്കളാഴ്ചയാണ് മമത ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായം, ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തല്‍ തുടങ്ങിയവ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് വിവരം.