കാഞ്ഞങ്ങാട്: വനിതാ മതില് കാലഘട്ടത്തിന്റെ ആവശ്യം എന്ന് പിന്തുണച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെ മുസ്ലീം ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുസ്ലീം ലീഗ് നേതാവും ലോയേഴ്സ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റുമായ സി ഷുക്കൂറിനെയാണ് ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു തന്നെ മാറ്റിയിത് അറിഞ്ഞെന്നും ഭാവിയില്‍ ഇനി ഒരു പാര്‍ട്ടിയിലേയ്ക്കും ഇല്ലെന്നും അംഗത്വം എടുക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
വനിതാ മതില് കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഷൂക്കൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ 10 സ്ത്രീകളെയെങ്കിലും പരിഗണിച്ചാല്‍ വനിതാ മതില് വിജയമാകുമെന്നുമായിരുന്നു ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വനിതാ മതിലിനെ അനുകൂലിച്ചുള്ള മറ്റു പോസ്റ്റുകളും ഫേസ്ബുക്കില്‍ ഷുക്കൂര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതാണ് ലീഗിനെയും ചൊടിപ്പിച്ചത്.
വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് ലീഗ് നേതാക്കള്‍ ഘോരഘോരം പ്രഖ്യാപിച്ച് നടക്കുന്നതിനു പിന്നാലെയാണ് ലീഗില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുന്നത്. അതോടൊപ്പം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ഷുക്കൂര്‍ കൂടിക്കാഴ്ച നടത്തിയതും ലീഗിനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് നടപടിയ്ക്ക് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ പി ജയരാജനെ അനുകൂലിച്ചു പോസ്റ്റിട്ടതിനെ തുടര്‍ന്നു ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഷുക്കൂറിനെ നീക്കിയിരുന്നു.
സി ഷുക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെയില്‍ വന്നതായി ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് വിളിച്ചു പറഞ്ഞു. (എനിക്ക് ആ വിവരം കിട്ടിയിട്ടില്ല)
വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും , ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല.
എന്നാല്‍ , പൊതു രംഗത്ത് തുടരും. കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും . അതിനു വേണ്ടി നിലകൊള്ളും.
കേരളീയ സാഹചര്യത്തില്‍ , നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു , ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി , സെക്യുലര്‍ സ്പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും…
കാസര്‍ഗോഡ് ജില്ലയില്‍ , മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ , പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്കാരവും കലയും സ്നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും.
ഇങ്ങിനെ സാംസ്കാരിക പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു സാംസ്കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു.അതിനായി ചെറിയ ശ്രമം തുടങ്ങും. നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യര്‍ക്കിടയില്‍ നന്മയുടെ അനേകം വിത്തുകള്‍ പാകുവാന്‍ ഇനിയും ശ്രമിക്കും.
ഒരിക്കല്‍ കൂടി , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകുവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്റെ സ്വാതന്ത്ര്യം എനിക്കു അനുവദിച്ചു തരിക.
Discussion about this post