അഹമ്മദാബാദ് : മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പ് വരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗറില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാഷ്ട്രീയ ജീവിതത്തില്‍ പല നേതാക്കളെയും താന്‍ കണ്ടിട്ടുണ്ട്. പലരും തോന്നിയ സമയത്താണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ വികസം ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന നേതാവാണ് മോഡി. അദ്ദേഹത്തിന്റെ പതിനാല് വര്‍ഷത്തെ ഭരണത്തില്‍ ഗുജറാത്തിന് ഏറെ നേട്ടങ്ങളാണുണ്ടായത്.” അമിത് ഷാ പറഞ്ഞു.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോഡി ആവിഷ്‌കരിച്ച പദ്ധതികളോരോന്നും അക്കമിട്ട് നിരത്താനും അമിത് ഷാ മറന്നില്ല.
സിവിക് സെന്റര്‍, ഭോപ്പാലില്‍ 150 വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം ഇരുന്ന് വായിക്കാന്‍ സൗകര്യമുള്ള വായനാമുറി, ഘൂമ കുടിവെള്ള പദ്ധതി, കമ്മ്യൂണിറ്റി ഹാള്‍, തുടങ്ങിയവ അമിത് ഷാ ഉദ്ഘാടനം ചെയ്തു.വാക്‌സിനേഷനിലൂടെ കോവിഡില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സജീവ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞെന്ന് അദ്ദേഹം അറിയിച്ചു. അഹമ്മദാബാദില്‍ 45 വയസ്സിന് മുകളിലുള്ള 86 ശതമാനം പേര്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള 32 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ ലഭിച്ചൂവെന്നും ബാക്കിയുളളവര്‍ വൈകാതെ വാക്‌സീന്‍ എടുക്കണമെന്നും ഷാ അഭ്യര്‍ഥിച്ചു.