ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്ക്കായുള്ള സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയ വിവാദ നടപടിയില്‍ നിന്നും പിന്‍വലിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സ്കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, ഫോണ്‍ കണക്ഷന് തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് നിയമ വിധേയമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന ഭേദഗതി കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ ഈ ഭേദഗതി പാസാക്കി നിയമപ്രാബല്യം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.
ടെലിഗ്രാഫ് ആക്ട്, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎല്‍എ) എന്നിവയാണ് ഭേദഗതി ചെയ്യുന്നത്. സ്വകാര്യ കമ്പനികള്‍ ആധാര്‍ ഉപയോഗിക്കുന്നതിനു കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ആധാര്‍കാര്‍ഡുള്ളവരുടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും സുരക്ഷിതമാക്കാനാണ് നിയമമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയിരുന്നു. ഉപയോക്താക്കള്‍ക്കു താല്പര്യമാണെങ്കില് തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കാം.
Discussion about this post