രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.

പനാജി: ഗോവയിലെ ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇന്നലെ രാത്രി ഇവര്‍ ഡല്‍ഹിക്ക് തിരിച്ചതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ദയാനന്ദ് സോപ്‌തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവായ ലക്ഷ്മികാന്ത് പര്‍സേക്കറെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. സുഭാഷ് ഷിരോദ്കര്‍ പ്രതിനിധീകരിക്കുന്നത് ഷിരോദ മണ്ഡലത്തെയാണ്.

ഇവര്‍ ഗോവയില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും മുന്നെ ചര്‍ച്ചകള്‍ക്കായി ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച വിശ്വജിത് റാണെ ബിജെപിയില്‍ ചേര്‍ന്ന് വീണ്ടും മത്സരിച്ച് ജയിക്കുകയായിരുന്നു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗോവയില്‍ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍.

Exit mobile version