കൊളംബോ: ശ്രീലങ്കയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് നടപടി റദ്ദുചെയ്തു. ഇതോടെ വിക്രമസിംഗെ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയേറി.
കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ്ര രജപക്ഷയെ പ്രധാനമന്ത്രിയായി മൈത്രിപാല സിരിസേന നിയമിച്ചത്. എന്നാല്‍ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞ കോടതി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര വര്‍ഷമാകും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിടാനാകിലെന്നും വ്യക്തമാക്കി. പതിമൂന്ന് ഹര്‍ജികള്‍ പരിശോധിച്ചശേഷമുണ്ടായ കോടതി ഉത്തരവ് സിരിസേനയ്ക്ക് കനത്ത തിരിച്ചടിയായി.
ശ്രീലങ്കയിലെ 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നവംബര്‍ 9 ലെ ഉത്തരവിനെതിരെ 13 ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നവംബര്‍ 13ന് സിരിസേനയുടെ നടപടി മരവിപ്പിച്ചു കൊണ്ട് കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഇടക്കാല ഉത്തരവു നല്‍കിയ 3 ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം വിധി പറഞ്ഞത്.