ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

Prepared by : റിയാസ് വാൽക്കണ്ടി

പാർട്ട് 1

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ. കഴിഞ്ഞ രണ്ട് ടേമായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നുള്ള നിയമസഭാംഗം.
കുറച്ചു നാൾ മുമ്പ് ഒരു ടി വി ചർച്ചക്കിടെ അദ്ദേഹം ഒരു വെല്ലുവിളി നടത്തി – മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന് സുരക്ഷിതമായ ഒരേയൊരു സീറ്റേ ഉളളൂ അത് തവനൂർ ആണെന്നും, ജലീലിന്റെ നാടായ കോട്ടക്കലിലോ തന്റെ നാടായ തിരൂരിലോ മത്സരിക്കാൻ ജലീൽ തയ്യാറാകുമോ എന്നും.

പൊന്നാനി മാറ്റി നിർത്തിയാൽ മലപ്പുറം ജില്ലയിലെ ഏറ്റവും സുരക്ഷിതമായ നിയമസഭാ മണ്ഡലം തവനൂർ ആണെന്ന് ഷംസുദ്ദീൻ പറഞ്ഞത് ശരിയാണ്. മലപ്പുറം ജില്ലയിലെ മുന്നേറ്റത്തിന് സിപിഐഎം ന് ജലീലിനെ വേണം എന്ന് മനസ്സിലാക്കി പാർട്ടി എടുത്ത ഒരു അടവ് നയമാണ് അതെന്ന് അക്കാലത്ത് തന്നെ സംസാരം ഉണ്ടായിരുന്നു. ആയിരക്കണക്കിന് പള്ളികളുടെ ‘ഖാസിയായ ‘ പാണക്കാട് തങ്ങളെ നിർത്തിയുളള രാഷ്ട്രീയ കളിക്ക് ഇസ്ലാമിക് ഹിസ്റ്ററിയിൽ ഡോക്ടറേറ്റുളള ഒരു സ്വതന്ത്രനെ കൂടെ നിർത്തുക എന്നത് അടവ് നയമാണെന്ന് പറയുന്നതിൽ തെറ്റില്ല. കമ്മ്യൂണിസ്റ്റുകാർ വിശ്വാസികളല്ല, അവർക്ക് വോട്ട് ചെയ്യാൻ പാടില്ല എന്നൊക്കെയുളള താഴെ തട്ടിലുളള ലീഗിന്റെ രാഷ്ട്രീയ പ്രചരണം തടയാൻ പാർട്ടിക്കോപ്പം നിൽക്കുന്ന വിശ്വാസിയായ ഒരു കോളേജ് അധ്യാപകനെ ചൂണ്ടിക്കാട്ടുക എന്നതാണ് അതിലെ അടവ് നയം.

എന്നാൽ പാർട്ടിയുടെ മുന്നേറ്റം ജലീലൂടെ മാത്രമാണ് എന്ന് അഭിപ്രായം ഉളളവരല്ല മലപ്പുറം ജില്ലയിലെ പാർട്ടി പ്രവർത്തകർ. സിപിഐഎം ന് സുരക്ഷിതമായ പൊന്നാനിയും തവനൂരും ഉണ്ടെന്നും ലീഗിന് സുരക്ഷതമായ എത്ര സീറ്റ് മലപ്പുറത്ത് ഉണ്ടെന്നും അവർ ചോദിക്കുന്നു. 2004 മുതൽ ലീഗിന്റെ വളർച്ച മലപ്പുറത്ത് താഴേക്കാണെന്നും അവർ അവകാശപ്പെടുന്നു. ഇതിനെ വസ്തുതയിലൂടെ പരിശോധിച്ച് നോക്കാം.

2001 മുതൽ 2016 വരെയുള്ള കണക്കുകൾ പരിശോധിക്കാം നമുക്ക്…

പാർട്ട് 2

രാജ്യം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് നേതാക്കളിലൊരാൾ ജനിച്ചത് ഇന്നത്തെ മലപ്പുറം ജില്ലയിലെ ഏലംകുളം എന്ന ഗ്രാമത്തിലാണ്. പക്ഷേ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി (സി പി ഐ) യോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – [സി പി ഐ എം ] ഓ ഒരിക്കലും ഇ എം എസ് എന്ന തങ്ങളുടെ ആ സമുന്നത നേതാവിനെ സ്വന്തം ജില്ലയിൽ ഒരു തെരഞ്ഞെടുപ്പിൽ മൽസരിപ്പിച്ചിട്ടില്ല.

കാരണം ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആധിപത്യം ആടിയുലയാത്ത ജില്ലയായിരുന്നു മലപ്പുറം.
മഹാരാഷ്ട്രയിൽ നിന്നുള്ള ഗുലാം മുഹമ്മദ് ബനാത്ത് വാലയും, കർണ്ണാടക സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടും നോമിനേഷൻ കൊടുക്കാൻ മാത്രം വന്നാൽ മതിയായിരുന്നു മലപ്പുറത്ത്.

ജില്ലയുടെ രാഷ്ട്രീയത്തിൽ ചാഞ്ചാട്ടം ഉണ്ടാകുന്നത് ബാബരി മസ്ജിദ് ധ്വംസനത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്നും കോൺഗ്രസിനുളള രാഷ്ട്രീയ പിന്തുണ പിൻവലിക്കണമെന്നും ഉള്ള സുലൈമാൻ സേട്ടിന്റെ നിലപാടിന് ലീഗ് നേതൃത്വം പിന്തുണ നൽകാതിരുന്നതോടെ ആണെന്ന് കാണാം. അദ്ദേഹത്തെ പിന്നീട് ലീഗിൽ നിന്ന് പുറത്താക്കുകയും ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) രൂപീകരിക്കുകയും ചെയ്തെങ്കിലും ലീഗിന്റെ പാർലമെന്ററി സ്വാധീനത്തിന് അതൊരു വലിയ വെല്ലുവിളി ആയില്ല. പക്ഷെ നൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് വിരുദ്ധ വികാരം ശക്തിപ്പെടുത്താൻ അത് ഇടതുപക്ഷത്തെ വലിയ രീതിയിൽ സഹായിച്ചു.

മലപ്പുറം ജില്ലയിലെ ജനങ്ങൾക്കിടയിൽ ഗൾഫ് പണത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എന്നാലും ജില്ലയുടെ അടിസ്ഥാന വികസനത്തിൽ വരുത്തിയ വീഴ്ചയാണ് സത്യത്തിൽ മുസ്ലിം ലീഗിനെതിരെയുളള വികാരം രൂപപ്പെട്ട് വരാൻ ഇടയാക്കിയത് എന്നു കാണാം. കാലങ്ങളോളം ഭരണത്തിന്റെ ഭാഗമായിട്ടും ജില്ലക്കായി എന്ത് നേട്ടമാണ് ലീഗ് കൊണ്ടു വന്നതെന്ന ചോദ്യത്തിന് മറുപടി പറയാൻ ആ പാർട്ടിയുടെ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കാലങ്ങളോളം വിദ്യാഭ്യാസ മന്ത്രിയായി ജയിച്ച ആളുടെ മണ്ഡലത്തിൽ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജോ സർക്കാർ മെഡിക്കൽ കോളേജോ ഉണ്ടോയെന്നും, വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം ഉണ്ടോയെന്നും ഒക്കെയുളള ചോദ്യങ്ങൾക്ക് മുന്നിൽ മുന്നിൽ ലീഗ് നേതാക്കളും അണികളും ഒരു പോലെ പകച്ചു നിന്നു. ഇതുപോലുളള പ്രചരണങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ പോയതോടെ യുവതലമുറ ലീഗിൽ നിന്നും കുറേശ്ശെ അകന്നു തുടങ്ങി. പ്രാദേശിക തലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ അസ്വാരസ്യങ്ങൾ വളർന്നു വന്നു എങ്കിലും മുസ്ലിം ലീഗ് നേതൃത്വത്തിലെ ഐക്യം ഒരു പരിധിവരെ ലീഗിന്റെ രാഷ്ട്രീയ കെട്ടുറപ്പിനെ വിളളലുണ്ടാകാതെ സൂക്ഷിച്ചു പോന്നു.

പാർട്ട് 3

2005 ൽ ഇറങ്ങിയ ഒരു തട്ടുപൊളിപ്പൻ മമ്മൂട്ടി പടമായിരുന്നു രാജമാണിക്യം. തിരുവനന്തപുരത്തുകാരുടെ ശൈലിയിൽ നായക കഥാപാത്രം സംസാരിക്കുന്ന ആ ചലച്ചിത്രത്തിലെ ഒരു ഡയലോഗ് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മണ്ഡലത്തിൽ ഒരു ഫ്ലക്സ് ബോർഡ് ആയി പ്രത്യക്ഷപ്പെട്ടു. ലീഗിലെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രത്തിനോടൊപ്പം ആരാധകർ എഴുതി “എവൻ പുലിയാണ് കേട്ടാ ”

അധികം താമസിയാതെ മറുഭാഗത്ത് വേറൊരു ബോർഡ് പൊങ്ങി. ” ഇത് ആ പുലിയുടെ എരയാണ് കേട്ടാ ” എന്ന പേരിൽ. കുഞ്ഞാലിക്കുട്ടി കുറ്റാരോപിതനായ ഐസ് ക്രീം പാർലർ കേസിലെ പ്രധാന സാക്ഷിയുടെ ചിത്രത്തോടൊപ്പം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോൾ ചരിത്രത്തിലാദ്യമായി അവിടെ ലീഗ് തോറ്റു.

തോല്പിച്ചത് മുൻലീഗുകാരനും ഇടത് സ്വതന്ത്രനുമായ കെ ടി ജലീൽ. എന്നാൽ ആ തോൽവി ഒരു തുടർച്ച മാത്രമാണെന്ന് കരുതുന്നവരുണ്ട്.

അതിനു രണ്ടു കൊല്ലം മുന്നേ മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ അപ്രതീക്ഷിതമായി നേരിട്ട പരാജയത്തിന്റെ തുടർച്ച. 1999- ല്‍ ഇ അഹമ്മദ് 1,23,411 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി ടി കെ ഹംസ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ചു 47,743 വോട്ടിന് വിജയിച്ചത് മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ മറക്കാൻ കഴിയാത്ത ഒരു അദ്ധ്യായമാണ്. സത്യത്തിൽ ആ തോൽവി മുസ്ലിം ലീഗിന് സംഘടനാ തലത്തിൽ ഗുണം ചെയ്തു. തോൽവിയുടെ കാരണം സംഘടനാ ചട്ടക്കൂട്ടിലെ പോരായ്മയാണെന്ന് തിരിച്ചറിയുകയും അത് ശക്തിപ്പെടുത്താൻ ശ്രദ്ധിക്കുകയും ചെയ്തു.

അതിനിടയിൽ ആണ് മുസ്ലിം ലീഗിനെ പിടിച്ചു കുലുക്കിയ ഐസ്ക്രീം പാർലർ കേസ് വരുന്നത്. നയപരമായ കാരണങ്ങളാൽ ലീഗിൽ നിന്നും ജലീൽ പുറത്ത് വരുകയും കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തുകയും ചെയ്തതോടെ ലീഗിന് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. ആ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്തിന് പുറമേ തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, മങ്കട സീറ്റുകൾ ആണ് ഇടതുപക്ഷം വിജയിച്ചത്.

തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ടു ലീഗ് പിന്നീട് തിരിച്ചു വരവിന് ശ്രദ്ധിക്കുക ആയിരുന്നു. ഇതിനിടയിൽ 2005 ൽ സിപിഐഎം സംസ്ഥാന സമ്മേളനം മലപ്പുറത്ത് വെച്ച് നടന്നു. ഇടതു അനുഭാവികളിൽ വലിയ ആവേശം ഉണ്ടാക്കാൻ സമ്മേളനം വഴി സിപിഐഎം ലക്ഷ്യം വെച്ച് നടത്തിയ സംഘാടനം മലപ്പുറത്തെ സിപിഐഎം വളർച്ചയിൽ പ്രധാനപ്പെട്ട ഒന്നാണ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ തമ്മിൽ വ്യത്യാസം വന്നു. അന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാർഥി മദനിയുടെ ആളാണ് എന്ന് പ്രചരിപ്പിക്കുന്നതിൽ ലീഗ് വിജയിച്ചു. മദനി ആ പ്രചരണത്തിൽ പങ്കുചേർന്നതാണ് എന്നും സ്ഥാനാർഥി ഇടതുപക്ഷ സ്വതന്ത്രൻ ആണെന്നും ആണ് സിപിഐഎം വിശദീകരണം. ഇപ്പോഴും ഇടത് സ്വതന്ത്ര വേദിയിൽ പ്രത്യക്ഷപെടുന്ന അന്നത്തെ സ്വതന്ത്ര സ്ഥാനാർഥി മദനിയുടെ പാർട്ടി വക്താവായി എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന് അവർ പറയുന്നു. 2011 ലെ തെരഞ്ഞെടുപ്പിൽ ലീഗ് നിയമസഭാ മണ്ഡലങ്ങൾ തിരിച്ചു പിടിച്ചു കരുത്ത് തെളിയിച്ചു. അന്ന് പൊന്നാനിയും തവനൂരും മാത്രമാണ് ഇടതുപക്ഷത്തിന് ജയിക്കാൻ കഴിഞ്ഞത്.

2016 ഓടെ രാഷ്ട്രീയ സാഹചര്യം വീണ്ടും മാറി. രാജ്യത്തെ മോഡി തരംഗത്തിൽ ബിജെപി കേരളത്തിൽ ഉണ്ടാക്കിയ മുന്നേറ്റവും ബിജെപിക്കെതിരെ ഇടതുപക്ഷത്തിന്റെ ചെറുത്ത് നിൽപ്പും നൂനപക്ഷങ്ങളെ വീണ്ടും സിപിഐഎം നോട് അടുപ്പിച്ചു. സിപിഐഎം നാല് നിയമസഭാ സീറ്റ് മലപ്പുറത്ത് പിടിച്ചു. യുഡിഎഫിന് താനൂരും നിലമ്പൂരും നഷ്ടപെട്ടത് രാഷ്ട്രീയ കേരളത്തെ തന്നെ ആശ്ചര്യപ്പെടുത്തി.

ഇതിനിടയിൽ മലപ്പുറത്ത് രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു. ലീഗ് വിജയിച്ചു എങ്കിലും സിപിഐഎം സ്വാധീനം വർദ്ധിപ്പിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാഹചര്യം പാടെ മാറി. കേരളത്തിൽ യുഡിഎഫിന് 19 സീറ്റാണ് ലഭിച്ചത്. എല്ലായിടത്തും വലിയ മുന്നേറ്റം യുഡിഎഫ് നടത്തിയതിൽ മലപ്പുറത്തും മുന്നേറ്റം ഉണ്ടാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യം കണ്ടതിൽ വെച്ച് തന്നെ ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായ പൗരത്വ നിയമ ഭേദഗതി സമരം രാഷ്ട്രീയ സാഹചര്യം മാറ്റിമറിച്ചു. കാലങ്ങളായി തങ്ങളുമായി അടുക്കാത്തവരെ പോലും അടുപ്പിക്കാൻ ഈ സമരത്തിലൂടെ ഇടതുപക്ഷത്തിന് കഴിഞ്ഞു. രാഷ്ട്രീയമായി ശക്തിപ്പെട്ട ഇടതുപക്ഷത്തിനെതിരെ ഇപ്പോൾ വന്ന സ്വർണക്കളളക്കടത്ത് വലിയൊരു വിഷയമായി വന്നെങ്കിലും ദിവസങ്ങൾ കഴിയുന്തോറും പുതിയ ആരോപണം വരുന്നു എങ്കിലും പഴയ ആരോപണങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടു പോകുന്നതും ശ്രദ്ധിക്കപെടേണ്ട ഒന്നാണ്.

2001 മുതലുള്ള 16 നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഫ് VOTE SHARE താഴെ

 

Exit mobile version