നിരാഹാരം കിടക്കാന്‍ തന്നെ പാര്‍ട്ടി ഏല്‍പ്പിച്ചതെന്ന് എഎന്‍ രാധാകൃഷ്ണന്‍; സ്വയം ഏറ്റെടുത്തതെന്ന് ശ്രീധരന്‍പിള്ള; ഏതെങ്കിലുമൊന്ന് ഉറപ്പിക്കെന്ന് സോഷ്യല്‍മീഡിയ

മുഖ്യമന്ത്രി പിണറായി വിജയന് രാധാകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം എഎന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റെടുത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. അല്ലെന്ന് എഎന്‍ രാധാകൃഷ്ണന്‍.

നിരാഹാര സമരം എഎന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് രാധാകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

എന്നാല്‍ ഇത് താന്‍ സ്വയം ഏറ്റതല്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണെന്നുമാണ് രാധാകൃഷ്ണന്‍ രാവിലെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ശ്രീപത്മനാഭന്റെയും അയ്യപ്പന്റെയും അനുഗ്രഹത്തോടെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇതോടെ നേതാക്കള്‍ക്കെതിരെ പരിഹാസവുമായി നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ”നിങ്ങള്‍ ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് സംഘികളേ” എന്നാണ് വാര്‍ത്തയോട് ചിലര്‍ പ്രതികരിക്കുന്നത്.

ഇന്ന് രാവിലെയാണ് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് തങ്ങളുടെ സമരം മാറ്റിയത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബിജെപിയുടെ സമരം.

Exit mobile version